
ഒരുകാലത്ത് ലോകം കിടുങ്ങിയിരുന്ന പേരാണ് അധോലോക നായകൻ ചാൾസ് ശോഭരാജ് എന്നത്. ലോകമെമ്പാടുമുള്ള നിയമപാലകരെ വിറപ്പിച്ച സുന്ദരനായ കുറ്റവാളി കൊന്നുതള്ളിയവരിൽ സുന്ദരികളായ യുവതികളും ഏറെയുണ്ട്. ഇപ്പോഴിതാ, വീണ്ടും ചാൾസ് ശോഭരാജ് വാർത്തകളിൽ നിറയുകയാണ്. നെറ്റ്ഫ്ലിക്‌സിൻ്റെ ബ്ലാക്ക് വാറൻ്റിൻ്റെ പുതിയ പതിപ്പിൽ ക്രിമിനൽ ലവ് സ്റ്റോറിയിൽ ചാൾസ് ശോഭരാജിന്റെ പ്രണയമാണ് പ്രമേയം.
1972-നും 1976-നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. 1970-80 കാലഘട്ടത്തിൽ ചാൾസ് ശോഭരാജ് മയക്കുമരുന്നും വിഷവും നൽകി കൊലപ്പെടുത്തിയത് ഇരുപതോളം പാശ്ചാത്യ സുന്ദരികളെയാണ്. വേഷം മാറി രക്ഷപെടാനും ശോഭരാജ് വിരുതു കാട്ടിയിരുന്നു. 1975ലാണ് ചാൾസ് ആദ്യത്തെ കൊലപാതകം നടത്തുന്നത്. കാനഡയിൽ നിന്നും നേപ്പാളിലേക്ക് ബുദ്ധ സന്യാസിനി ആകാൻ പുറപ്പെട്ട തെരേസ എന്ന ഒരു സ്ത്രീയായിരുന്നു അത്. സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ജീവിതത്തിലെ സുഖങ്ങൾ ആസ്വദിക്കണം എന്ന അവരുടെ തോന്നലാണ് അവരുടെ മരണത്തിൽ കലാശിച്ചത്. തായ്‌ലന്റിലെ പട്ടായ ബീച്ച് റിസോർട്ട് ടൌണിൽ ബിക്കിനി ധരിച്ച ആറ് യുവതികളെ ചാൾസ് മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ്, ‘ബിക്കിനി കൊലയാളി’ എന്ന പേര് ലഭിച്ചത്.
എങ്ങനെയായിരുന്നു ചാൾസ് ശോഭരാജിന്റെ കുടുംബ ജീവിതം? ശോഭ്‌രാജിൻ്റെ ജീവിതത്തിലെ രണ്ട് സ്ത്രീകളായിരുന്നു ചാന്റൽ കോംപാഗ്നോനും മേരി-ആൻഡ്രി ലെക്ലർക്കും. ഇരുവരെയും ചാൾസ് ശോഭരാജ് വിവാഹം കഴിച്ചതാണ്. ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചു. എന്നാൽ അങ്ങനെ മാറാൻ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ആരാണ് ചാൾസ് ശോഭരാജിന് ഇന്ത്യൻ ടിവി ഷോ ബിഗ് ബോസിന്റെ സീസൺ 5 ൽ -പങ്കെടുത്ത നിഹിത ബിശ്വാസ് എന്ന യുവതി?
1998ൽ നേപ്പാളിലാണ് നിഹിത ബിശ്വാസ് ജനിച്ചത്. ബംഗാളി വംശജനായ ഒരു ബിസിനസുകാരനായിരുന്നു പിതാവ്. അമ്മയാകട്ടെ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ നേപ്പാൾ സ്വദേശിനിയും. നേപ്പാൾ സുപ്രീം കോടതിയിൽ ശോഭ്‌രാജിൻ്റെ വിചാരണ വേളയിൽ അദ്ദേഹത്തിന് വേണ്ടി വാദിച്ചെങ്കിലും കക്ഷിയെ കുറ്റവിമുക്തനാക്കുന്നതിൽ അവർ പരാജയപ്പെട്ടു. നേപ്പാൾ ജയിലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ജയിലിൽ ദ്വിഭാഷിയെ വേണമെന്ന് ശോഭരാജ് ആവശ്യപ്പെട്ടപ്പോഴാണ് താൻ വീണുപോയതെന്ന് നിഹിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചാൾസ് ശോഭരാജിന്റെ കാമുകിയാണ് നിഹിത ബിശ്വാസ് എന്നാണ് പറയപ്പെടുന്നത്. ഇരുവരും വിവാഹം കഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ചാൾസിന് 64ഉം നിഹിത ബിശ്വാസിന് 21ഉം വയസുള്ളപ്പോഴായിരുന്നത്രെ ഇവരുടെ വിവാഹം. സീരിയൽ കില്ലറും തന്നേക്കാൾ ഇരട്ടി പ്രായമുള്ളയാളുമായ ചാൾസ് ശോഭരാജിനെ വിവാഹം കഴിച്ചതിന് ശേഷമാണ് നിഹിത പ്രശസ്തയായത്. ബിഗ് ബോസ് 5ൽ പങ്കെടുത്തതോടെ നിഹിത വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ആദ്യകാഴ്‌ചയിൽ തന്നെ തങ്ങൾ പ്രണയത്തിലായെന്ന് 2008-ൽ നൽകിയ ഒരു അഭിമുഖത്തിൽ നിഹിതയെ കുറിച്ച് ചാൾസ് ശോഭരാജും വ്യക്തമാക്കിയിരുന്നു. ചാൾസ് ശോഭരാജ് നിരപരാധിയാണെന്നായിരുന്നു നിഹിതയുടെ വിശ്വാസം. അത് അവർ പലപ്പോഴും മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്.











