
തിരുവനന്തപുരം:കെ.പി.സി.സി സെക്രട്ടറിമാരുടെയും ഡി.സി.സി അദ്ധ്യക്ഷന്മാരുടെയും സ്ഥാനങ്ങളിൽ മാറ്റം വരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ആഗസ്റ്റ് പത്താം തീയതിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കെ. കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം കൂട്ടും. മുതിർന്ന നേതാക്കളുമായി ഇതിനോടകം ചർച്ചകൾ പൂർത്തിയാക്കി. ഇനി കോൺഗ്രസ് എം.പിമാരുമായി ആശയവിനിമയം നടത്താനുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ഡൽഹിയിൽ വെച്ചുള്ള കൂടിക്കാഴ്ചയും പരിഗണനയിലുണ്ട്.
നിലവിലെ ഡി.സി.സി അദ്ധ്യക്ഷന്മാരിൽ തൃശൂർ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും മാറ്റം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ നാല് ജില്ലകളിലെ ഡി.സി.സി അദ്ധ്യക്ഷന്മാരെ നിലനിർത്തിയാൽ മതിയെന്നാണ് കൂടുതൽ നേതാക്കൾ പറയുന്നത്.
കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരായ കെ.സുധാകരൻ,വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസ്സൻ എന്നിവരുമായും ചർച്ച നടത്തി.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ ഇപ്പോഴത്തെ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പ്രവർത്തനങ്ങളെ പല നേതാക്കളും അനുകൂലിക്കുന്നുണ്ട്. കെ. സുധാകരനുമായി അടുത്ത ബന്ധമുള്ള ആളാണ് കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. പ്രവീൺ കുമാർ ബ്ലോക്ക് തലത്തിൽ മികച്ച പ്രവർത്തനം നടത്തുകയും ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളാണ് മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ വി.എസ്. ജോയിക്ക് ഗുണകരമായത്. എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമരമുഖങ്ങളിൽ സജീവമായ യുവനേതാവാണ്.
എം.പിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കി എ.ഐ.സി.സിക്ക് സമർപ്പിക്കും.











