03:05pm 11 November 2026
NEWS
എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ
16/10/2025  09:37 AM IST
nila
എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ തന്നെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതിലെ അതൃപ്തിയാണ് ചാണ്ടി ഉമ്മൻ പരസ്യമായി പ്രതികരിച്ചത്.  തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. 

യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽനിന്ന് അബിൻ വർക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മൻ അതൃപ്തി പ്രകടമാക്കിയത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിൻ വർക്കി. നടപടിയിൽ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ നമ്മളെല്ലാവരും ബാധ്യസ്ഥരമാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതൽ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതിൽ ആർക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വൈസ് പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രവർത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാൻ. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തിൽ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവർക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

'എന്റെ പിതാവിന്റെ ഓർമദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവർക്കും അറിയാം. അതിപ്പോൾ പറയുന്നില്ല. ഒരു ദിവസം ഞാൻ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ' ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img