കൊടുങ്ങല്ലൂരിൽ സഹോദരീ ഭർത്താവിനെതിരെ പ്രചാരണത്തിന് ചാണ്ടി ഉമ്മനെത്തി; ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും മുന്നറിയിപ്പ്

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരീ ഭർത്താവിനെതിരെ പ്രചാരണം നടത്താൻ ചാണ്ടി ഉമ്മൻ എംഎൽഎ കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ചാണ്ടി ഉമ്മൻ എത്തിയത്. ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മന്റെ വര്‍ഗീസ് ജോര്‍ജ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥിയാണ്. ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ. കരുണാകരന്റെ മണ്ണ് തിരിച്ചുപിടിക്കാനായി എത്തിയ ഉമ്മൻചാണ്ടിയുടെ മകന് നന്ദി അറിയിക്കുന്നതായി ഒ.ജെ ജനീഷ് പറഞ്ഞു. പൊയ്യയിൽ നിന്നും മാള, വലിയപറമ്പ് വഴി അന്നമനട വരെ സൈക്കിൾ ചവിട്ടി ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തി. സ്ഥാനാർത്ഥി ഒ.ജെ ജനീഷും സൈക്കിൾ യാത്രയിൽ പങ്കുചേർന്നു. ബൈക്കിലും കാറിലുമായി ആയിരങ്ങളാണ് റാലിയെ അനുഗമിച്ചത്.
ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് കൊടുങ്ങല്ലൂരിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 ടിക്കറ്റിലാണ് മത്സരിക്കുന്നത്.










