
ഇന്ത്യയുടെ ചന്ദ്രയാൻ-4 ദൗത്യം 2027-ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ചന്ദ്രയാൻ 4 അവിടെ നിന്നും മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ചന്ദ്രയാൻ 4 എപ്പോഴെന്ന് വ്യക്തമാക്കിയത്.
രണ്ടുഘട്ടമായാകും ദൗത്യത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും ഭ്രമണപഥത്തിലെത്തിക്കുക. തുടർന്ന് ഭ്രമണപഥത്തിൽവെച്ച് കൂട്ടിയോജിപ്പിച്ചാകും ദൗത്യം പൂർത്തിയാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽ.വി.എം.-3 റോക്കറ്റാകും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗഗൻയാൻ ദൗത്യവും സമുദ്രയാനും അടുത്തവർഷമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലെത്തിച്ചശേഷം അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. സമുദ്രോപരിതലത്തിൽനിന്ന് 6000 മീറ്റർ താഴ്ചയിൽ ആളെയെത്തിച്ചുള്ള സമുദ്രപര്യവേഷണദൗത്യമാണ് സമുദ്രയാൻ. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യഘട്ടമായി ‘വ്യോമമിത്ര’യെന്ന റോബോട്ടിനെ ഈ വർഷംതന്നെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി വലിയ റോക്കറ്റുകൾക്കായി ശ്രീഹരിക്കോട്ടയിൽ പുതിയ വിക്ഷേപണത്തറ സജ്ജമാക്കുമെന്നും ഭാരംകുറഞ്ഞ ഉപഗ്രഹഹങ്ങൾ വിക്ഷേപിക്കാനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിക്ഷേപണകേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.











