01:35pm 09 December 2024
NEWS
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് ചന്ദ്രബാബു നായിഡു
12/06/2024  08:13 AM IST
web desk
ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം അമരാവതിയായിരിക്കുമെന്ന് ചന്ദ്രബാബു നായിഡു

തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) തലവന്‍ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുകയാണ്‌. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ സംസ്ഥാന തലസ്ഥാനത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്‌ അദ്ദേഹം.

അമരാവതി ആന്ധ്രാപ്രദേശിന്റെ ഏക തലസ്ഥാനമായിരിക്കുമെന്നും പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും നായിഡു വ്യക്തമാക്കി. വിശാഖപട്ടണത്തെ സാമ്ബത്തിക തലസ്ഥാനമായും വിപുലമായ പ്രത്യേക നഗരമായും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വിജയവാഡയില്‍ നടന്ന എൻ.ഡി.എ ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യത്തിന്റെ നേതാവായി അദ്ദേഹത്തെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയും ചെയ്തു. ജനസേന പാർട്ടി അധ്യക്ഷൻ കെ പവൻ കല്യാണാണ് നായിഡുവിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിയുമായ ഡി പുരന്ദേശ്വരി പിന്തുണച്ചു. 

ആന്ധ്രാപ്രദേശില്‍ ടി.ഡി.പിയുടെ വൻ വിജയത്തിന് ശേഷം അമരാവതി വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. അമരാവതിയെ തലസ്ഥാനമായി ചന്ദ്രബാബു നായിഡു നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മുഖ്യമന്ത്രിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തില്ല. 
ലെജിസ്ലേറ്റീവ് (നിയമനിർമാണ സഭ) തലസ്ഥാനമായി അമരാവതിയും എക്സിക്യൂട്ടീവ് (ഭരണനിർവഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായി കർണൂലും നിശ്ചയിക്കുകയായിരുന്നു. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അമരാവതി വികസനം പുനരുജ്ജീവിപ്പിക്കുമെന്ന് നായിഡു വാഗ്ദാനം ചെയ്തിരുന്നു. ഇതാണിപ്പോള്‍ നടപ്പിലാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img