06:47pm 29 August 2026
NEWS
തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
29/08/2026  03:58 PM IST
nila
തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; ​ഗുരുതരമായി പൊള്ളലേറ്റ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ചണ്ഡീഗഢ്: തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പഞ്ചാബിലെ മൊരിന്ദയിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ (28) ആണ് മരിച്ചത്. ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിൽ ചികിത്സയിലിരിക്കെയാണ് ഓഗസ്റ്റ് 26-ന് മരണം സംഭവിച്ചത്.

ജൂലൈ 3-ന് രാത്രിയിലാണ് മൻജീത് കൗറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് അമ്മ കാന്ത ദേവി നൽകിയ പരാതിയിൽ പറയുന്നത്. പരിചയക്കാരായ ശുഭിയും പിൻഡയും ചണ്ഡീഗഢിലെ സെക്ടർ 34-ലെ മദ്യശാലയ്ക്ക് സമീപം കാണാനായി മൻജീത് കൗറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് നിർബന്ധിച്ച് കാറിൽ കയറ്റി മൊരിന്ദയിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.

മൊരിന്ദയിലെത്തിയ ശേഷം മൻജീത് കൗറിനെ മർദിക്കുകയും മൾബറി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. തീപിടിച്ച നിലയിൽ മൻജീത് കൗറിനെ കണ്ട പരിചയക്കാരൻ പുതപ്പ് ഉപയോഗിച്ച് തീ അണച്ച ശേഷം മൊരിന്ദയിലെ ആശുപത്രിയിൽ എത്തിച്ചു.

നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഗുരുതരമായ പൊള്ളലേറ്റതിനാൽ ജൂലൈ 9-ന് ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റുകയായിരുന്നു.

ആഴ്ചകളോളം അബോധാവസ്ഥയിൽ

പി.ജി.ഐ.എം.ഇ.ആറിൽ ചികിത്സയിൽ കഴിയുന്നതിനിടെ മൻജീത് കൗർ ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഓഗസ്റ്റ് 5-ന് ചെറിയ സമയം ബോധം വീണ്ടെടുത്തപ്പോൾ തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് വിവരിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ പിന്നീട് ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഓഗസ്റ്റ് 26-ന് മൻജീത് കൗർ മരണത്തിന് കീഴടങ്ങി.

കൊലപാതകക്കുറ്റം ഉൾപ്പെടെ കേസെടുത്തു

മൻജീത് കൗറിന്റെ മരണത്തിന് പിന്നാലെ ചണ്ഡീഗഢ് സെക്ടർ 34 പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, സംയുക്ത ക്രിമിനൽ ഉത്തരവാദിത്തം തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശുഭി, പിൻഡ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കി.

പ്രതികൾ സഞ്ചരിച്ചിരുന്ന വഴിയടക്കം കണ്ടെത്തുന്നതിനായി സെക്ടർ 34 മുതൽ മൊരിന്ദ വരെയുള്ള റോഡുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. മൻജീത് കൗറിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ പശ്ചാത്തലവും ആക്രമണത്തിന് പിന്നിലെ കാരണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img