
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം, ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോളജുകൾ തുറന്നുപ്രവർത്തിക്കുമെന്നും പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
ഇന്ന് വടക്കൻ ഗുജറാത്ത് തീരം, ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങൾ, പശ്ചിമബംഗാൾ, അതിനോട് ചേർന്ന ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, വടക്കു കിഴക്കൻ അറബിക്കടൽ, ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.











