
ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ പത്താം വാർഷിക ദിനം ആചരിച്ചു. ചാലിയാറിന് ഇരുതീരങ്ങളിലുമുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ചാലിയാർ ദോഹ 2015 ലാണ് രൂപീകരിച്ചത്. ചാലിയാർ ജല, വായു മലിനീകരണത്തിനെതിരെ ധീര സമരപോരാട്ടം നടത്തിയ ചാലിയാർ സമര നായകൻ കെ എ റഹ്മാൻ സാഹിബിന്റെ ചരമ ദിനം കൂടിയായ ജനുവരി പതിനൊന്നിനാണ് ചാലിയാർ ദോഹ രൂപീകരിച്ചത് . കഴിഞ്ഞ പത്തു വർഷ കാലയളവിൽ കല, കായിക, സാംസ്കാരിക, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ വിജയകരമായി സംഘടിപ്പിച്ച്, പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ഉദാത്ത മാതൃക സൃഷ്ടിക്കുവാൻ ചാലിയാർ ദോഹയ്ക്കു സാധിച്ചിട്ടുണ്ട്. ചാലിയാർ ദിനത്തോടനുബന്ധിച്ച് ഐ സി സിയിൽ നടന്ന ചടങ്ങിൽ ചാലിയാർ ദോഹ രക്ഷധികാരി ഇ. എ നാസർ കൊടിയത്തൂർ കെ എ റഹ്മാൻ അനുസ്മരിച്ചുകൊണ്ട് പുഴയുടെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. 1980 മുതൽ രണ്ട് പതിറ്റാണ്ടോളം ചാലിയാർ സംരക്ഷണത്തിന് വേണ്ടി ജല വായു മലിനീകരണത്തിനെതിരെ പോരാട്ടം നടത്തിയ, സാധാരണ ജനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് അവബോധം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച കേരളത്തിലെ ആദ്യ കാല പരിസ്ഥിതി പ്രവർത്തകനായ കെ എ റഹ്മാൻ സാഹിബിന്റെ ജീവചരിത്രവും സമരപ്പോരാട്ടങ്ങളും വരും തലമുറക്ക് പഠനവിധേയമാക്കാൻ പാഠ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ചാലിയാർ ദോഹ പ്രമേയം അവതരിപ്പിച്ചു. ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരി ഷൌക്കത്തലി ടി. എ. ജെ ഉത്ഘാടനം ചെയ്തു. ചാലിയാർ ദോഹയുടെ കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ് ചാലിയം വിവരിച്ചു. ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ് വി സി മഷ്ഹൂദ്, ഫൗണ്ടർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് എന്നിവർ സംസാരിച്ചു. ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.











