11:23am 14 November 2026
NEWS
ചാല സ്വർണക്കവർച്ച: ദിവസങ്ങൾ നീണ്ട നിരീക്ഷണം, ഒരു മണിക്കൂറിലേറെ കാത്തിരിപ്പ്; മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്
14/11/2026  10:27 AM IST
nila
ചാല സ്വർണക്കവർച്ച: ദിവസങ്ങൾ നീണ്ട നിരീക്ഷണം, ഒരു മണിക്കൂറിലേറെ കാത്തിരിപ്പ്; മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്

 

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും ദിവസങ്ങൾ നീണ്ട നിരീക്ഷണവുമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വർണവ്യാപാരി നന്ദകുമാറിനെ ദിവസങ്ങളായി പിന്തുടർന്ന സംഘം, കവർച്ച നടത്തേണ്ട സ്ഥലവും സമയവും മുൻകൂട്ടി ഉറപ്പിച്ചിരുന്നതായാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചനകൾ. സ്വർണം തട്ടിയെടുത്ത രീതി ഉൾപ്പെടെ സംഭവത്തിലെ ദുരൂഹതകൾ നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കവർച്ച നടന്ന ദിവസം വൈകിട്ട് 7.30 മുതൽ പ്രതികൾ കടയുടെ പരിസരത്ത് ഉണ്ടായിരുന്നതായുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സംശയിക്കുന്നവർ ബൈക്കിൽ കിള്ളിപ്പാലം ജംക്‌ഷനിലെത്തിയത് രാത്രി 7.30ഓടെയാണെന്നാണ് സൂചന. തുടർന്ന് ഒൻപത് മണിയോടെ ജ്വല്ലറിക്ക് സമീപത്തെ മരക്കട റോഡിലേക്ക് പ്രവേശിച്ചു. ഈ റോഡിലൂടെ പലതവണ സംഘം സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒരു മണിക്കൂറിലേറെ പരിസരം നിരീക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ചയ്ക്ക് തയ്യാറെടുത്തത്. നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങിയതോടെ പിന്നാലെ കൂടിയ സംഘം വെറും മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. കവർച്ചയിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമായി തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നഗരത്തിൽ അധികം കാണപ്പെടാത്ത പുതിയ മോഡൽ ബൈക്കാണ് കവർച്ചയ്ക്ക് ഉപയോഗിച്ചതെന്നാണ് വിവരം. ഈ ബൈക്കിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ജ്വല്ലറിയിലെ മുൻ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കടയിലെ ജീവനക്കാരിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. സ്വർണ ഏജന്റുമാരുടെ സഹായികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്വർണം പൊട്ടിക്കുന്ന സംഘങ്ങളുടെ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, ഇത്ര എളുപ്പത്തിൽ സ്വർണം കൈക്കലാക്കാൻ പ്രതികൾക്ക് എങ്ങനെ കഴിഞ്ഞുവെന്നതടക്കമുള്ള കാര്യങ്ങളിൽ നന്ദകുമാറിന്റെ മൊഴികളിൽ വ്യക്തത തേടുകയാണ് അന്വേഷണ സംഘം. സംഭവത്തിലെ ചില സാഹചര്യങ്ങൾ സംശയകരമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img