04:19pm 09 September 2026
NEWS
പേട്ടയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ഹസ്സൻകുട്ടിക്ക് 65 വർഷം കഠിനതടവ്
03/10/2025  12:44 PM IST
nila
പേട്ടയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ഹസ്സൻകുട്ടിക്ക് 65 വർഷം കഠിനതടവ്

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  ആറ്റിങ്ങൽ ഇടവ സ്വദേശി ഹസ്സൻകുട്ടി (അബു– 45)ക്ക് 65 വർഷം കഠിനതടവും 1.22 ലക്ഷം രൂപ പിഴയും ശിക്ഷ. അഡീഷനൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (പോക്സോ) ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 19 നാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ഹസ്സൻകുട്ടി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്.  വധശ്രമം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിൽ ബലാത്സംഗം അടക്കം അഞ്ച്, ആറ്, ഏഴ് വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

നാടോടികളായ ഹൈദരാബാദ് സ്വദേശികളുടെ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. ബ്രഹ്മോസിനു സമീപത്തുള്ള ടെന്റിൽ രാത്രി അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിയെടുത്ത് ബ്രഹ്മോസ് കേന്ദ്രത്തിനു പുറകിലുള്ള ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ രാത്രി തന്നെ പേട്ട പൊലീസിൽ അറിയിച്ചു. പൊലീസ് അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്നു വൈകിട്ട്  ബ്രഹ്മോസ് കേന്ദ്രത്തിന്റെ മതിലിനോടു ചേർന്ന കാടുപിടിച്ച സ്ഥലത്തു നിന്നാണ് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. 

സമീപത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം സ്ഥിരീകരിച്ചു. പ്രതിയുടെ വസ്ത്രത്തിൽനിന്നു കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായതും വഴിത്തിരിവായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img