08:03pm 12 November 2026
NEWS
കസേര മോഹം പേരാവൂരിലേക്ക്; സണ്ണി പടിയിറങ്ങുമ്പോൾ ഖദറിട്ടവർക്കിടയിൽ 'കസേരകളി' മുറുകുന്നു!
25/01/2026  11:54 AM IST
സുരേഷ് വണ്ടന്നൂർ
കസേര മോഹം പേരാവൂരിലേക്ക്; സണ്ണി പടിയിറങ്ങുമ്പോൾ ഖദറിട്ടവർക്കിടയിൽ കസേരകളി മുറുകുന്നു!

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ സ്ഥിരമായ കസേരകളില്ലെന്ന് സണ്ണി ജോസഫും തിരിച്ചറിയുന്നു. കെ.പി.സി.സി അധ്യക്ഷപദവിയിൽ ഇരിക്കുന്നതിനേക്കാൾ ഭേദം പേരാവൂരിലെ മണ്ണിലിറങ്ങി വോട്ട് പിടിക്കുന്നതാണെന്ന ബോധ്യം വന്നതോടെയാണ് സണ്ണി ജോസഫ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇതോടെ, നാഥനില്ലാ കളരിയായി മാറാൻ പോകുന്ന കെ.പി.സി.സിക്ക് പുതിയൊരു 'തലവൻ' ആരാകുമെന്ന ചർച്ചകൾ ഇന്ദിരാ ഭവന്റെ ഇടനാഴികളിൽ പുകയുകയാണ്. തിരഞ്ഞെടുപ്പ് ഗോദയിൽ പാർട്ടിയെ നയിക്കാൻ യോഗ്യനെ തേടി ഹൈക്കമാൻഡ് ടോർച്ചുമായി നടക്കുമ്പോൾ മുന്നിലുള്ളത് ഒരു നീണ്ട നിര തന്നെയാണ്.

​പതിവുപോലെ 'സാധ്യത പട്ടിക' എന്ന മാന്ത്രികപ്പെട്ടിയുമായി ഗ്രൂപ്പ് നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു. എക്കാലത്തെയും വിശ്വസ്തനായ കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് പട്ടികയിൽ ഒന്നാമൻ. മാവേലിക്കരയിൽ നിന്ന് വണ്ടി കയറി കെ.പി.സി.സി ആസ്ഥാനത്തെത്താൻ കൊടിക്കുന്നിൽ പലവട്ടം ശ്രമിച്ചതാണെങ്കിലും, 'ഡൽഹിയിൽ താങ്കളെ ആവശ്യമുണ്ട്' എന്ന് പറഞ്ഞ് ഹൈക്കമാൻഡ് ഓരോ തവണയും അദ്ദേഹത്തെ വഴിതിരിച്ചു വിടുകയായിരുന്നു. എന്നാൽ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ കൊടിക്കുന്നിൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എം.പിമാർ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിച്ചാൽ ലോക്സഭയിൽ ആര് ഇരിക്കും എന്ന ആശങ്ക മാത്രം ഹൈക്കമാൻഡിന് ബാക്കിയുണ്ട്.

​പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നപോലെ എം.എം. ഹസ്സൻ, കെ.സി. ജോസഫ് എന്നിവരും അധ്യക്ഷപദവിയിലേക്ക് തങ്ങളുടെ പേരിന് നേരെ ടിക്ക് മാർക്ക് വീഴാൻ കാത്തിരിക്കുന്നു. യുവത്വത്തിന്റെ പ്രസരിപ്പുമായി ഷാഫി പറമ്പിലും, പരിചയസമ്പന്നനായി ആന്റോ ആന്റണിയും പട്ടികയിലുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാൺ ആര് പിടിക്കും എന്ന കാര്യത്തിൽ വലിയ തർക്കമില്ല. അത് രമേശ് ചെന്നിത്തലയുടെ കരുത്തുറ്റ കൈകളിൽ ഭദ്രമായിരിക്കുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ സണ്ണി ജോസഫിന്റെ പിൻഗാമിയെ കണ്ടെത്താൻ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ജില്ല തിരിച്ചുള്ള 'മുഖാമുഖം' പരിപാടിയാണ് നേതൃത്വം പ്ലാൻ ചെയ്തിരിക്കുന്നത്.

​2021-ൽ 93 സീറ്റിൽ മത്സരിച്ച് 21-ൽ വിക്കറ്റ് വീണ കോൺഗ്രസിന് ഇത്തവണ നിലനിൽപ്പിന്റെ പോരാട്ടമാണ്. കൂടെയുള്ള മുസ്ലീം ലീഗ് 25-ൽ 15-ഉം നേടി മാന്യമായ പ്രകടനം കാഴ്ചവെച്ചപ്പോൾ കോൺഗ്രസ് ശരിക്കും കിതയ്ക്കുകയായിരുന്നു. ഈ നാണക്കേട് മാറ്റാൻ ഒരു അധ്യക്ഷനെ വേണം, അതും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുൻപ്. സിറ്റിംഗ് എം.എ.എൽമാർക്കെല്ലാം വീണ്ടും മത്സരിക്കണം, തോറ്റവർക്ക് ജയിക്കണം, എം.പിമാർക്ക് എം.എൽ.എമാരാകണം. ഈ ആഗ്രഹങ്ങളുടെ പെരുമഴയ്ക്കിടയിൽ പുതിയ അധ്യക്ഷൻ ആരായാലും അദ്ദേഹത്തിന്റെ അവസ്ഥ 'ഇരട്ടവാലൻ പല്ലി'യുടേത് പോലെയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img