11:14am 25 July 2026
NEWS
ധർമേന്ദ്ര പ്രധാൻ രാജിവെക്കുമോ? കേന്ദ്രത്തിന്റെ നിലപാട് ഇന്ന്; പ്രതിഷേധം കടുപ്പിക്കാൻ സിജെപി
25/07/2026  07:27 AM IST
nila
ധർമേന്ദ്ര പ്രധാൻ രാജിവെക്കുമോ? കേന്ദ്രത്തിന്റെ നിലപാട് ഇന്ന്; പ്രതിഷേധം കടുപ്പിക്കാൻ സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാക്കും.  സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് വീണ്ടും ചർച്ച നടത്തും. രാജി ആവശ്യത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കും എന്നാണ് സിജെപിയുടെ മുന്നറിയിപ്പ്.

ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി വക്താക്കളായ സൗരഭ് ദാസും അഷുതോഷ് രങ്കയും തമ്മിൽ രണ്ട് മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തിയിരുന്നു. പ്രക്ഷോഭകരെതിരായ കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ട്.

എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. സർക്കാർ ആവശ്യം നിരസിച്ചാൽ പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കുമെന്നും അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് ലക്ഷ്യമിട്ടുള്ള സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ യുവജന പ്രതിഷേധം ശക്തമാകുന്നതിനിടെ, പുതിയ നിയമനിർമാണവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതി സംവിധാനവും പ്രതിഷേധം ശമിപ്പിക്കാൻ പര്യാപ്തമായിട്ടില്ലെന്നാണ് വിലയിരുത്തൽ. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് ചില പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്തെങ്കിലും, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുകയാണ്.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പാർലമെന്റ് മാർച്ച് ഉൾപ്പെടെ രാജ്യവ്യാപക സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സിജെപി നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img