01:00am 08 July 2026
NEWS
പെട്രോളിൽ 25 ശതമാനം എഥനോൾ: തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കാൻ കേന്ദ്രം
07/07/2026  08:00 AM IST
nila
പെട്രോളിൽ 25 ശതമാനം എഥനോൾ: തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കാൻ കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 25 ശതമാനമായി ഉയർത്താനുള്ള നീക്കം തൽക്കാലം ഘട്ടംഘട്ടമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ 20 ശതമാനം എഥനോൾ (E20) കലർന്ന പെട്രോളിനെതിരെ ഉയരുന്ന പരാതികളും പൊതുജനങ്ങളുടെ ആശങ്കയും പരിഗണിച്ചാണ് തീരുമാനം.

E20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ എഞ്ചിനും മറ്റ് യന്ത്രഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 25 ശതമാനം എഥനോൾ (E25) കലർന്ന ഇന്ധനത്തിലേക്ക് ഉടൻ മാറാതെ, വാഹന നിർമാതാക്കൾക്ക് ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ കൂടുതൽ സമയം നൽകാനാണ് കേന്ദ്രത്തിന്റെ നീക്കം.

E25 പെട്രോൾ രാജ്യത്ത് നടപ്പാക്കുന്നതിനായി പ്രത്യേക സമയപരിധി സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 22 മുതൽ 30 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനങ്ങൾക്ക് കേന്ദ്ര എക്സൈസ് തീരുവയിൽ ഇളവ് അനുവദിച്ചതും, അവയ്ക്കായുള്ള BIS മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതും E25 നടപ്പാക്കലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

E20 പെട്രോളുമായി ബന്ധപ്പെട്ട പരാതികൾ വിശദമായി പരിശോധിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വാഹന ഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികളുമായി പ്രത്യേക ചർച്ച നടത്താനും യോഗത്തിൽ ധാരണയായി. E20 ഇന്ധനത്തിലേക്കുള്ള മാറ്റം അതിവേഗത്തിലായിരുന്നുവെന്ന വിമർശനവും സർക്കാർ നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് E25 ഇന്ധനം ഘട്ടംഘട്ടമായി അവതരിപ്പിക്കാനുള്ള തീരുമാനം രൂപപ്പെടുന്നത്.

അതേസമയം, E20 പെട്രോളിനെതിരായ വിമർശനങ്ങൾക്കിടെ കേന്ദ്രസർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് വാഹന-ഊർജ മേഖലകളിലെ വിദഗ്ധരും രംഗത്തെത്തി. ശാസ്ത്രീയ പഠനങ്ങളുടെയും ദീർഘകാല പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് എഥനോൾ കലർന്ന പെട്രോൾ അവതരിപ്പിച്ചതെന്നും, E20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി. റേസിംഗ് കാറുകൾ ഉൾപ്പെടെ വിവിധ വാഹനങ്ങളിൽ എഥനോൾ കലർന്ന ഇന്ധനം വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ സി.എം.ഡി വാതിക ശുക്ല, ബജാജ് ഓട്ടോ സർക്കിൾ ഹെഡ് മൻപ്രീത് സിങ്, ടിവിഎസ്, ടൊയോട്ട, മാരുതി സുസുക്കി, ഹ്യൂണ്ടായ് എന്നീ വാഹന നിർമാതാക്കളുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img