02:51pm 25 June 2026
NEWS
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര വിജ്ഞാപനമായി

26/01/2025  07:28 AM IST
nila
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര വിജ്ഞാപനമായി

ന്യൂഡൽഹി:  കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് പെൻഷൻ സ്‌കീം-യു.പി.എസ്. 2024 ഓഗസ്റ്റ് 24ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതി സംസ്ഥാന സർക്കാരുകൾക്കും വേണമെങ്കിൽ നടപ്പാക്കാം.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസിൽ പ്രവേശിച്ചവർക്കാണ് യു.പി.എസ്. ആനുകൂല്യം. 25 വർഷം സർവീസുള്ളവർക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. കുറഞ്ഞ പെൻഷൻ 10,000 രൂപയാണ്. കുടുംബപെൻഷൻ 60 ശതമാനവും.

പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെൻഷന് അർഹതയുണ്ടായിരിക്കില്ല. പത്തുവർഷത്തിൽ താഴെ സർവീസുള്ളവർക്ക് യു.പി.എസ്. മാത്രമല്ല ലംപ്സം തുകയ്ക്കും അർഹതയുണ്ടാവില്ല. എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാൻ കഴിയും. എൻ.പി.എസിൽ തുടരണമെങ്കിൽ അതിനും വ്യവസ്ഥയുണ്ട്. 10 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർ പദ്ധതിയിൽ ഉൾപ്പെടും. സ്വയം വിരമിക്കൽ നടത്തുന്നവർക്ക് മിനിമം യോഗ്യതാസർവീസ് 25 വർഷമാണ്.

എൻ.പി.എസിൽ ജീവനക്കാർ പത്തുശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടത്. എന്നാൽ, യു.പി.എസിൽ സർക്കാർ വിഹിതം 14-ൽനിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img