
ന്യൂഡൽഹി: ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ ഇല്ലാതെ പ്രവർത്തിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ ബിറ്റ് ചാറ്റ്-ന്റെ വിവിധ വേർഷനുകളിലേക്കുള്ള ഗിറ്റ്ഹബ് ലിങ്കുകൾ നീക്കം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിർദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഇത്തരത്തിലുള്ള ഓഫ്‌ലൈൻ മെസേജിങ് ആപ്പുകളുടെ ഉപയോഗം വർധിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഗിറ്റ്ഹബ്-ന് നൽകിയ ഉത്തരവിന്റെ പകർപ്പ് ബിറ്റ് ചാറ്റ് സ്ഥാപകൻ ജാക്ക് ഡോർസി പുറത്തുവിട്ടു. "ബിറ്റ് ചാറ്റ് പോലുള്ള സാങ്കേതികവിദ്യകൾ ഇന്ത്യൻ ഭരണകൂടം ഇഷ്ടപ്പെടുന്നില്ല; അത് നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്" എന്ന കുറിപ്പും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
ബിറ്റ് ചാറ്റ്
മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ കേന്ദ്രീകൃത സെർവറുകളോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്കുകൾ വഴി പിയർ-ടു-പിയർ മെസ്സേജിങ് സാധ്യമാക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഫോൺ നമ്പർ വെരിഫിക്കേഷനോ യൂസർ രജിസ്ട്രേഷനോ ഇല്ലാതെ തീർത്തും അജ്ഞാതമായി ആശയവിനിമയം നടത്താൻ ഇത് സഹായിക്കുന്നു.
ഈ ആപ്പിന്റെ പ്രത്യേകതകൾ കാരണം പോലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ വിവരങ്ങൾ ട്രാക്ക് ചെയ്യാനോ അന്വേഷണം നടത്താനോ സാധിക്കില്ല. കലാപങ്ങൾ, തീവ്രവാദം, ഇന്റർനെറ്റ് ഷട്ട്ഡൗൺ തുടങ്ങിയ സാഹചര്യങ്ങളിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനും അജ്ഞാതമായി ആശയവിനിമയം നടത്താനും ഇത് ദുരുപയോഗം ചെയ്തേക്കാം. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്നും രാജ്യവിരുദ്ധ ശക്തികൾ ഇത് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000-ലെ സെക്ഷൻ 43, 84B, 84C, കൂടാതെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത 2023-ലെ സെക്ഷൻ 61 തുടങ്ങിയ നിയമങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ചാണ് ബിറ്റ് ചാറ്റ് ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധ സമരത്തെ നേരിടാൻ പ്രദേശത്ത് ഇന്റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി എന്നിവ നിയന്ത്രിച്ചിരുന്നു. എന്നാൽ ഇതോടെ, സമരക്കാർ ബ്ലൂടൂത്ത് അധിഷ്ഠിത മെഷ് നെറ്റ്‌വർക്ക് ആപ്പുകളിലേക്ക് മാറിയെന്ന സംശയം ഉയർന്നു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഐടി ആക്റ്റ് 2000 സെക്ഷൻ 79(3)(b), ഐടി റൂൾസ് 2021 റൂൾ 3(1)(d) എന്നിവ പ്രകാരം, ഈ ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഗിറ്റ്ഹബ്ബ് ഈ ലിങ്കുകൾ നീക്കം ചെയ്യുകയോ ആക്സസ് ബ്ലോക്ക് ചെയ്യുകയോ ചെയ്യണം. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഗിറ്റ്ഹബ്ബിന് ഇടനിലക്കാർ എന്ന നിലയിൽ ലഭിക്കുന്ന നിയമപരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഗിറ്റ്ഹബ്ബിന് മുന്നറിയിപ്പ് നൽകി. കൂടാതെ ഐടി ആക്റ്റ്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരം ഗിറ്റ്ഹബ്ബ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.











