06:47pm 15 October 2026
NEWS
കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്നും ഇന്ദിരാഗാന്ധിയുടെ പേരും ഒഴിവാക്കി; മൂന്ന് പെൻഷൻ പദ്ധതികൾക്ക് പുതിയ പേര്; ആനുകൂല്യങ്ങളിലും മാറ്റം


15/10/2026  06:46 AM IST
nila
കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്നും ഇന്ദിരാഗാന്ധിയുടെ പേരും ഒഴിവാക്കി; മൂന്ന് പെൻഷൻ പദ്ധതികൾക്ക് പുതിയ പേര്; ആനുകൂല്യങ്ങളിലും മാറ്റം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ വീണ്ടും പേരുമാറ്റം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതിയുടെ പേര് മാറ്റിയതിന് പിന്നാലെയാണ് ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പദ്ധതികളിലും മാറ്റം വരുന്നത്.

ഇന്ദിരാഗാന്ധി ദേശീയ വയോജന പെൻഷൻ പദ്ധതി ഇനി മുതൽ പ്രധാനമന്ത്രി വയോവൃദ്ധ പെൻഷൻ യോജന എന്ന പേരിൽ അറിയപ്പെടും. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതിയുടെ പുതിയ പേര് പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന എന്നാണ്. ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി ദിവ്യാംഗജൻ പെൻഷൻ യോജന എന്നും പേരുമാറ്റി.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി.) പ്രധാനമന്ത്രി സാമൂഹിക സഹായ യോജനയായും ദേശീയ കുടുംബക്ഷേമ പദ്ധതി പ്രധാനമന്ത്രി പരിവാർ ലാഭ് യോജനയായും പുനർനാമകരണം ചെയ്തു.

പേരുമാറ്റത്തിന് പുറമെ ഭിന്നശേഷി പെൻഷൻ പദ്ധതിയുടെ യോഗ്യതാ മാനദണ്ഡങ്ങളിലും കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെൻഷന് അർഹത നേടുന്നതിനുള്ള കുറഞ്ഞ ഭിന്നശേഷി പരിധി 80 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറച്ചു. പ്രായപരിധി 18 വയസ്സിൽനിന്ന് ജനനം മുതൽ എന്നാക്കി മാറ്റിയതോടെ കൂടുതൽ പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

പുതിയ വ്യവസ്ഥകൾ പ്രകാരം 79 വയസ്സുവരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസം 375 രൂപയും 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് 625 രൂപയുമാണ് കേന്ദ്രസർക്കാരിന്റെ സഹായം.

അഞ്ചുവർഷത്തേക്ക് 53,428 കോടി രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 3.2 കോടി ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ, കുടുംബനാഥൻ മരിച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ നിർധന കുടുംബങ്ങൾ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img