01:11am 19 November 2026
NEWS
സയൻസ് അറിയാത്ത പൊട്ടന്മാരെന്ന് സുരേഷ് ​ഗോപി; ഇ20 പെട്രോൾ വിവാദത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി
17/11/2026  02:56 PM IST
nila
സയൻസ് അറിയാത്ത പൊട്ടന്മാരെന്ന് സുരേഷ് ​ഗോപി; ഇ20 പെട്രോൾ വിവാദത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

തൃശൂർ: ഇ20 പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിഷേധിക്കുന്നവരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ശാസ്ത്രത്തെക്കുറിച്ച് അറിവില്ലെന്നും ദുഷിച്ച രാഷ്ട്രീയ ശക്തികളാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

ഇ20 പെട്രോളിനെക്കുറിച്ച് താൻ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, രാജ്യത്ത് അനുവദനീയമായ അളവിനേക്കാൾ കൂടുതൽ എഥനോൾ കലർത്തുന്ന സാഹചര്യമില്ലെന്നും അവകാശപ്പെട്ടു. ആരോപണം ഉന്നയിക്കുന്നവർ വലിയ കന്നാസിൽ ഇന്ധനം കലർത്തിയാണോ സാമ്പിളുകൾ ശേഖരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് ഇതുവരെ രജിസ്റ്റർ ചെയ്ത പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. പരാതി ലഭിച്ചാൽ സിബിഐ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത്തരമൊരു അന്വേഷണം വന്നാൽ അടുത്ത പ്രതിഷേധം സിബിഐക്കെതിരെയായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ ചേർക്കുന്നതിനാണ് കേന്ദ്ര മാനദണ്ഡം അനുമതി നൽകുന്നത്. ഇതാണ് ഇ20 പെട്രോൾ എന്നറിയപ്പെടുന്നത്. അനുവദനീയമായതിലും ഉയർന്ന അളവിൽ എഥനോൾ കലർന്ന ഇന്ധനം വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മൈലേജ് കുറയുന്നതിനൊപ്പം ഇന്ധന ടാങ്ക്, പൈപ്പുകൾ, റബ്ബർ ഭാഗങ്ങൾ, സീലുകൾ, ഇൻജക്ടറുകൾ എന്നിവയുടെ തേയ്മാനത്തിനും കേടുപാടുകൾക്കും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അതേസമയം, രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അനുവദനീയമായതിൽ കൂടുതൽ എഥനോൾ ചേർക്കുന്നില്ലെന്നുമാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ നിലപാട്.

എന്നാൽ കർണാടകയിൽ നടത്തിയ പരിശോധനയിൽ ചില പെട്രോൾ പമ്പുകളിലെ ഇന്ധനത്തിൽ എഥനോളിന്റെ അളവ് 31.2 ശതമാനം വരെ കണ്ടെത്തിയെന്ന റിപ്പോർട്ടാണ് വിവാദത്തിന് ശക്തി പകർന്നത്. ഇതിനു പിന്നാലെ കേരളത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നിർദേശപ്രകാരം കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽനിന്ന് സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img