
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നുള്ള സുവിശേഷകന്റെ അവകാശവാദം തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നത് സംബന്ധിച്ച് ഒരു വിവരവും കേന്ദ്രസർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപെടലുകളിൽ കാര്യമായ പുരോഗതിയില്ലെന്നും കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി ഇന്നലെയാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ അവകാശപ്പെട്ടത്. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്.
യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വെളിപ്പെടുത്തിയത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം, നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരനും രംഗത്തെത്തിയിരുന്നു.നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്നും പോസ്റ്റിൽ പറഞ്ഞു. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.











