
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ആലോചനകൾ സജീവമാക്കിയിരിക്കുന്നത്. സർക്കാർ പദ്ധതികളുടെ കരാറുകളിൽ വീണ്ടും ചൈനീസ് കമ്പനികൾക്ക് അവസരം നൽകാനാണ് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നത്. ഇന്ത്യ–ചൈന നയതന്ത്രവും വ്യാപാര ബന്ധങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
2020ൽ അതിർത്തിയിൽ ഉണ്ടായ ഇന്ത്യ–ചൈന സംഘർഷങ്ങളെ തുടർന്നാണ് ചൈനീസ് കമ്പനികൾക്ക് സർക്കാർ കരാറുകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ സർക്കാർ പദ്ധതികൾ ഏറ്റെടുത്ത് നടത്താൻ ചൈനീസ് കമ്പനികൾക്ക് പ്രത്യേക രജിസ്ട്രേഷനോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും ക്ലിയറൻസും നിർബന്ധമായി. നിയന്ത്രണം നീങ്ങിയാൽ ഈ നിബന്ധനകൾ ഒഴിവാക്കാനും അതിർത്തി രാജ്യങ്ങളിലെ കമ്പനികൾക്ക് പ്രത്യേക രജിസ്ട്രേഷൻ വേണമെന്ന വ്യവസ്ഥ പിൻവലിക്കാനും സർക്കാർ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും കൈക്കൊള്ളുക.
സർക്കാർ പ്രതിവർഷം ഏകദേശം 67 ലക്ഷം കോടി രൂപയുടെ കരാറുകളാണ് വിവിധ പദ്ധതികൾക്കായി നൽകുന്നത്. വിലക്ക് നീക്കിയാൽ ഈ കരാറുകളുടെ ഭാഗമാകാൻ ചൈനീസ് കമ്പനികൾക്ക് വീണ്ടും അവസരം ലഭിക്കും. നിയന്ത്രണം നിരവധി സർക്കാർ പദ്ധതികളിൽ കാലതാമസം സൃഷ്ടിച്ചതായി വിവിധ മന്ത്രാലയങ്ങൾ നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേകിച്ച് ഊർജ മേഖലയിൽ ചൈനീസ് ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പദ്ധതികളുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട് പുനഃപരിശോധിച്ചത്. മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ദുബേയും നിയന്ത്രണങ്ങൾ നീക്കണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.
അടുത്തിടെ ഇന്ത്യ–ചൈന ബന്ധത്തിൽ ഉണ്ടായ പുരോഗതിയും പുതിയ നീക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉയർന്ന ഇറക്കുമതി തീരുവകളും അമേരിക്ക–പാകിസ്ഥാൻ ബന്ധത്തിലെ മാറ്റങ്ങളും ഇന്ത്യയെ നയതന്ത്ര നിലപാട് പുനഃപരിശോധിക്കാൻ പ്രേരിപ്പിച്ചതായാണ് വിലയിരുത്തൽ. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും, നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തു. ചൈനീസ് പൗരന്മാർക്കുള്ള ബിസിനസ് വിസയും ഇന്ത്യ അടുത്തിടെ പുനസ്ഥാപിച്ചിരുന്നു.
ബന്ധം മെച്ചപ്പെട്ടെങ്കിലും ചൈനീസ് നിക്ഷേപങ്ങളോട് ഇന്ത്യ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപര്യം അറിയിച്ച പല ചൈനീസ് കമ്പനികൾക്കും ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല. ഹൈദരാബാദിൽ വലിയ നിക്ഷേപത്തോടെ നിർമാണ പ്ലാന്റ് ആരംഭിക്കാമെന്ന് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ചൈനീസ് നിക്ഷേപങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നതാണ് ശ്രദ്ധേയമായ ചോദ്യം.
അതേസമയം, ചൈനീസ് കമ്പനികൾക്ക് ഇളവ് നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ പ്രതികൂല പ്രതികരണമാണ് ഉണ്ടായത്. പൊതുമേഖല സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. ഏകദേശം പത്ത് ശതമാനം വരെ ഇടിഞ്ഞ ഓഹരി 309.90 രൂപയിൽ നിന്ന് 261.50 രൂപ വരെ താഴ്ന്നിരുന്നു. പിന്നീട് അൽപം ഉയർന്നെങ്കിലും 8.78 ശതമാനം നഷ്ടത്തിൽ 267.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കമ്പനികളുടെ തിരിച്ചുവരവ് ഭെലിന്റെ ഭാവി സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയാണ് നിക്ഷേപകരിൽ ശക്തമായത്.
ഭെലിനൊപ്പം റെയിൽവേ മേഖലയുമായി ബന്ധപ്പെട്ട സീമെൻസ് ഓഹരികളും നാല് ശതമാനത്തോളം നഷ്ടത്തിലായി. ചൈനീസ് കമ്പനിയായ സിആർആർസി ഇന്ത്യയിൽ പ്രവേശിച്ചാൽ റെയിൽവേ പദ്ധതികളിലെ മത്സര സാധ്യതകൾ മാറുമെന്ന ആശങ്കയാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്.











