
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവും രോഗികളിൽനിന്നുള്ള സാമ്പത്തിക ചൂഷണവും തടയാൻ ശക്തമായ ഇടപെടൽ വേണമെന്ന് പാർലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി. പ്രൊഫ. രാം ഗോപാൽ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സമിതിയുടെ 176-ാമത് റിപ്പോർട്ടിലാണ് നിർണായക ശുപാർശകൾ.
പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ റൂം വാടക അതത് പ്രദേശത്തെ ത്രീ സ്റ്റാർ ഹോട്ടലുകളുടെ ശരാശരി നിരക്കിൽ പരിമിതപ്പെടുത്തണമെന്നാണ് സമിതിയുടെ പ്രധാന നിർദേശം. ഡ്യൂട്ടി ഡോക്ടറുടെ ഫീസ്, നഴ്സിങ് ചാർജ്, മെഡിക്കൽ സാമഗ്രികൾ, ഭക്ഷണം, അലക്കുചെലവ് തുടങ്ങിയവ പ്രത്യേകം രേഖപ്പെടുത്തി സുതാര്യമായ രീതിയിൽ ബിൽ തയാറാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
റൂമിന്റെ കാറ്റഗറി അനുസരിച്ച് മരുന്നുകൾക്കും ലാബ് പരിശോധനകൾക്കും അധിക നിരക്ക് ഈടാക്കുന്ന രീതിയും അവസാനിപ്പിക്കണം. അനാവശ്യമായി ബിൽ തുക ഉയർത്തുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു.
സ്വകാര്യ ആശുപത്രികളിൽ ചെലവ് അഞ്ചിരട്ടിയിലധികം
നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് ശരാശരി 6,631 രൂപയാണ് ചെലവ്. സ്വകാര്യ ആശുപത്രികളിൽ ഇത് 50,508 രൂപയായി ഉയരുന്നു. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകൾക്കുപോലും സ്വകാര്യ മേഖലയിൽ സർക്കാർ ആശുപത്രികളേക്കാൾ അഞ്ചിരട്ടിയിലധികം ചെലവ് വരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിലുള്ള ഉയർന്ന ചികിത്സാ ചെലവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്ന സാഹചര്യമാണുള്ളതെന്നും സമിതി വിലയിരുത്തി.
ചികിത്സാ നിരക്കിന് ഏകീകൃത പരിധി
അത്യാവശ്യ ചികിത്സകൾ, ശസ്ത്രക്രിയകൾ, ലാബ് പരിശോധനകൾ തുടങ്ങിയവയ്ക്ക് രാജ്യവ്യാപകമായി ഏകീകൃത നിരക്കും പരമാവധി നിരക്കും നിശ്ചയിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് രാജ്യത്തുടനീളം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് തന്നെ രോഗിക്കും ബന്ധുക്കൾക്കും പ്രതീക്ഷിക്കാവുന്ന ചികിത്സാ ചെലവിന്റെ പൂർണ വിവരങ്ങൾ ആശുപത്രികൾ നിർബന്ധമായും നൽകണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.
കുറഞ്ഞ പ്രീമിയത്തിൽ പുതിയ ഇൻഷുറൻസ് പദ്ധതി
സർക്കാർ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പരിധിയിൽ വരാത്തതും ഉയർന്ന പ്രീമിയമുള്ള സ്വകാര്യ ഇൻഷുറൻസ് വാങ്ങാൻ കഴിയാത്തതുമായ വിഭാഗങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.
ഒരു കുടുംബത്തിന് പ്രതിവർഷം 4,000 മുതൽ 6,000 രൂപ വരെ മാത്രം പ്രീമിയം വരുന്ന ‘ആരോഗ്യ സഞ്ജീവനി’ മാതൃകയിലുള്ള ജനകീയ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ.










