10:04pm 11 November 2026
NEWS
കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നെന്ന് കേന്ദ്രസർക്കാർ
12/08/2025  06:08 AM IST
nila
കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നെന്ന് കേന്ദ്രസർക്കാർ

കേരളത്തിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയാണെന്ന് കേന്ദ്രസർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ കേരളത്തിൽ 201 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. സിപിഎം നേതാവ് കെ രാധാകൃഷ്ണന്റെ ചോദ്യത്തിന് ലോക്‌സഭയിൽ മറുപടി പറയവെയാണ് കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്താകെ സർക്കാർസ്കൂളുകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കെ രാധാകൃഷ്ണൻ ചോദ്യം ഉയർത്തിയത്.  

2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി മറുപടിയിൽ വ്യക്തമാക്കിയത്. എന്നാൽ, 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽമാത്രം 201 സർക്കാർസ്കൂളുകൾ കുറഞ്ഞു. 2019-20-ൽ 5014 സർക്കാർസ്കൂളുകളുണ്ടായിരുന്നു. അത് 2020-21-ൽ 5020, 2021-22-ൽ 5010, 2022-23-ൽ 4811, 2023-24-ൽ 4809 എന്നിങ്ങനെയായെന്നും മറുപടിയിൽ പറയുന്നു. 

മിക്കസംസ്ഥാനങ്ങളിലും സർക്കാർസ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ഛത്തീസ്ഗഢ്‌, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർസ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img