
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം. തൊഴിലുറപ്പ് പദ്ധതിയെ പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന എന്ന് പുനർനാമകരണം ചെയ്യാനായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ പേരുമാറ്റത്തിനും മറ്റ് ഭേദഗതികൾക്കുമുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ബില്ലിലെ പ്രധാന മാറ്റം തൊഴിൽദിന വർധനയാണ്. കർഷകർക്കും ഗ്രാമീണ തൊഴിൽ തേടുന്നവർക്കുമായുള്ള ജോലി ദിവസങ്ങൾ 100ൽ നിന്ന് 125 ആക്കുന്ന നിർദേശം ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005ൽ യുപിഎ സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി ഇതോടെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
MGNREGA/ NREGA എന്ന ഇംഗ്ലീഷ് ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതി, രാജ്യവ്യാപകമായി ഹിന്ദി നാമത്തിലേക്ക് മാറ്റുന്നതാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. പദ്ധതിയിലെ തൊഴിൽദിനം വർധിപ്പിക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകളും പ്രതിപക്ഷവും നീണ്ടുനിൽക്കുന്ന പ്രചാരണം നടത്തുന്നുണ്ട്. സർക്കാർ പുതിയ ബിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.











