ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കർശന നിലപാടിൽ ഗവർണർ

സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. ഗവർണറുടെ കർശന നിലപാടിന്റെ പേരിൽ സംസ്ഥാന സർക്കാർ - ഗവർണർ പോര് വീണ്ടും രൂക്ഷമാകുകയാണ്. വിഭജന ഭീതി ദിനാചരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ വിസിമാരോട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിഭജന ഭീതി ദിനം ആചരിക്കരുതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്ന് വ്യക്തമാക്കി എസ്എഫ്ഐയും കെഎസ്യുവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഗവർണർ - സർക്കർ തർക്കം തുടരുമ്പോൾ സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്.
ഗവർണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂർ, വിസിമാർ നിർദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവിൽ നാടകം, സെമിനാറുകൾ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്. കേരളയിൽ എസ്എഫ്ഐ ഗവർണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരിൽ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകർപ്പുമായി എസ്എഫ്ഐ പ്രതിഷേധിച്ചു.











