
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എസ്എഫ്ഐഒയുടെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും കേന്ദ്രസർക്കാർ പറഞ്ഞു. അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കേസിൽ എസ്എഫ്ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിൽ നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാരും ആദായനികുതി വകുപ്പും ഇക്കാര്യം വ്യക്തമാക്കിയത്.
ചെലവുകൾ പെരുപ്പിച്ചുകാട്ടിയ സിഎംആർഎൽ അഴിമതിപ്പണം ആ വകയിൽ ഉൾപ്പെടുത്തി. കോർപറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കൽപ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
രാഷ്ട്രീയപാർട്ടികൾക്കും നേതാക്കൾക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ട്. ചരക്കുനീക്കത്തിനും മാലിന്യനിർമാർജനത്തിനും കോടികൾ ചെലവാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി. കോർപറേറ്റ് സ്ഥാനത്തെ ഉപയോഗിച്ചുള്ള അഴിമതിയാണ് നടന്നത്. നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.











