08:01am 29 April 2026
NEWS
കഴുത ഫാം തുടങ്ങാൻ 50 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
06/03/2026  11:17 AM IST
nila
കഴുത ഫാം തുടങ്ങാൻ 50 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കഴുത, കുതിര, ഒട്ടകം എന്നിവയുടെ വളർത്തലിനും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാർ വൻ സബ്‌സിഡി പദ്ധതി പ്രഖ്യാപിച്ചു. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ (NLM) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കഴുത, കുതിര, ഒട്ടകം എന്നിവയുടെ ഫാം തുടങ്ങാനായി വ്യക്തികൾക്ക് 50 ലക്ഷം രൂപവരെ കേന്ദ്രസർക്കർ സാമ്പത്തിക സഹായം നൽകും. കൂടാതെ ഇവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജകേന്ദ്രങ്ങളോ സ്ഥാപിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് പരമാവധി 10 കോടി രൂപവരെ സഹായം അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു.

രാജ്യത്ത് കഴുത, കുതിര, ഒട്ടകം എന്നിവയുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിലായി കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പ്രത്യേകിച്ച് കഴുതകളുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതൽ ഇതുവരെ ഏകദേശം 60 ശതമാനം വരെ കുറവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2019 ലെ മൃഗസംഖ്യാ സർവേ പ്രകാരം ഇന്ത്യയിൽ 1.23 ലക്ഷം കഴുതകൾ മാത്രമാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ കൃഷിയിട ജോലികൾക്കും ഇഷ്ടിക, മണൽ തുടങ്ങിയ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നതിനുമായി വ്യാപകമായി കഴുതകളെ ഉപയോഗിച്ചിരുന്നുവെങ്കിലും യന്ത്രങ്ങളുടെ വ്യാപനം ഇവയുടെ ഉപയോഗം ഗണ്യമായി കുറച്ചു.

ഇപ്പോൾ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കഴുതകളുടെ സാന്നിധ്യം കൂടുതലുള്ളത്. പല സംസ്ഥാനങ്ങളിലും ഇവയുടെ എണ്ണം വളരെ കുറവായിരിക്കുകയാണ്.

കഴുതപ്പാലിനും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വിപണി സൃഷ്ടിക്കാനായി കേന്ദ്രം നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. കഴുതപ്പാൽ ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുത്താൻ എഫ്എസ്എസ്എഐയുടെ അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

തദ്ദേശീയ മൃഗ ഇനങ്ങളെ സംരക്ഷിക്കുകയും പാൽ, മാംസം, കമ്പിളി, കാലിത്തീറ്റ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതാണ് നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴുത, കുതിര, ഒട്ടകം വളർത്തുന്ന കർഷകർക്ക് പ്രത്യേക സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനം വരെ സബ്‌സിഡിയായി ലഭിക്കും.

പദ്ധതിയിൽ പങ്കെടുക്കുന്നതിനായി ചില നിബന്ധനകളും നിർദ്ദേശിച്ചിട്ടുണ്ട്. കഴുത വളർത്തൽ യൂണിറ്റിന് കുറഞ്ഞത് 50 പെൺ കഴുതകളും 5 ആൺ കഴുതകളും വേണം. കുതിര വളർത്തലിന് 10 പെൺ കുതിരകളും 2 ആൺ കുതിരകളും നിർബന്ധമാണ്. ഒട്ടക വളർത്തലിന് യൂണിറ്റിന്റെ വലുപ്പം അനുസരിച്ച് 3 ലക്ഷം മുതൽ 50 ലക്ഷം രൂപവരെ സബ്‌സിഡി ലഭിക്കും. ഈ സഹായം നാടൻ ഇനത്തിലുള്ള മൃഗങ്ങൾക്ക് മാത്രം ബാധകമായിരിക്കും. സബ്‌സിഡി രണ്ട് ഗഡുക്കളായി നൽകും.

പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ nlm.udyamimitra.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തുടർന്ന് ബാങ്ക് വായ്പയെടുത്ത് പദ്ധതി ആരംഭിക്കാം. സബ്‌സിഡി പിന്നീട് നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാകും. സർക്കാർ നിർദേശിച്ച യൂണിറ്റ് വലുപ്പവും മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img