04:25am 07 November 2026
NEWS
പാസ്‍പോർട്ട് നിയമത്തിൽ വരുന്നത് സുപ്രധാന മാറ്റങ്ങൾ
03/03/2025  04:24 PM IST
nila
പാസ്‍പോർട്ട് നിയമത്തിൽ വരുന്നത് സുപ്രധാന മാറ്റങ്ങൾ

പാസ്‍പോർട്ട് നിയമത്തിൽ മാറ്റങ്ങൾ വരുന്നു. ഏതാനും ദിവസം മുമ്പാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഇപ്പോൾ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ. പുതിയ ചട്ടം അനുസരിച്ച്  2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമാകില്ല. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന - മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ ആണ് ഹാജരാക്കേണ്ടത്. അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർഫിക്കറ്റോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി അംഗീകരിക്കും.

വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിൻറ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‍പോർട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല പാസ്‍പോർട്ടുകൾ തന്നെ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്‍പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള പാസ്പോർട്ടുകളുമായിരിക്കും നൽകുക.

പാസ്പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകളും നീക്കംചെയ്യും. വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കൾക്ക്  പുതിയ മാറ്റം സഹായകമാകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img