01:22pm 12 November 2026
NEWS
സോണിയാ ​ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ടെന്ന് കെ സുരേന്ദ്രൻ
02/01/2026  01:59 PM IST
nila
സോണിയാ ​ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് നടക്കുന്ന അന്വേഷണത്തിലൂടെ സത്യം പുറത്തുവരില്ലെന്നും, ചിലരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

കേസിൽ കുപ്രസിദ്ധ വിഗ്രഹ മോഷ്ടാക്കൾക്ക് പങ്കുണ്ടാകാമെന്ന സംശയം കോടതി ആദ്യം തന്നെ ഉന്നയിച്ചിരുന്നുവെന്നും, അതിന് ബലമേകുന്നതായിരുന്നു രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലെന്നും സുരേന്ദ്രൻ പറഞ്ഞു. പുരാവസ്തു കച്ചവടത്തിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്നും, സംഭവത്തിന് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടാകാമെന്നതിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയാ​ഗാന്ധിയുമായി രക്തബന്ധമുള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തു കച്ചവടമുണ്ടെന്നും ഇതറിയാതെയാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

സോണിയ ഗാന്ധിക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചിത്രം പുറത്തുവന്നപ്പോൾ ആരും സംശയം പ്രകടിപ്പിച്ചില്ലെന്നും, എന്നാൽ പിന്നീട് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ആദ്യ നിലപാടുകളിൽ നിന്ന് പിൻവാങ്ങിയതായും സുരേന്ദ്രൻ ആരോപിച്ചു. സോണിയ ഗാന്ധിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിയെയും പോറ്റിയെയും തമ്മിൽ പരിചയപ്പെടുത്തിയവർ ആരാണെന്ന ചോദ്യത്തിന് കോൺഗ്രസിലെ ആരും മറുപടി നൽകുന്നില്ലെന്നും, അടൂർ പ്രകാശും ആന്റോ ആന്റണിയും ഈ വിഷയത്തിൽ പങ്കുണ്ടെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. നഷ്ടപ്പെട്ടത് വിലയിരുത്താൻ കഴിയാത്ത അമൂല്യ വസ്തുക്കളാണെന്നും, ഇത് അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിഷയത്തിൽ ഒളിച്ചുകളിക്കുകയാണെന്നും, ശബരിമല സ്വർണക്കൊള്ള കേസിൽ എൽഡിഎഫിനൊപ്പം യുഡിഎഫിനും തിരിച്ചടി നേരിടേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരിഹാസങ്ങളും അദ്ദേഹം ഉയർത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അംഗം കെ.പി. ശങ്കർദാസ് കേസിലെ പ്രധാന പ്രതിയാകേണ്ടയാളാണെന്നും, ഉന്നത ബന്ധങ്ങൾ ഉള്ളതിനാൽ അന്വേഷണം അദ്ദേഹത്തിലേക്ക് എത്തുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. കോടതി കർശന നിർദേശങ്ങൾ നൽകിയതിനു ശേഷമാണ് ചില പ്രമുഖരുടെ അറസ്റ്റ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം വകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം വൈകിയാണ് പുറത്തുവന്നതെന്നും, അതിന് ശേഷം അന്വേഷണ സംഘത്തിൽ മാറ്റം വരുത്തി സിപിഎം അനുകൂലികളെ ഉൾപ്പെടുത്തിയതായും സുരേന്ദ്രൻ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img