01:09am 05 June 2026
NEWS
വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം
04/06/2026  09:31 PM IST
nila
വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം

ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ രണ്ട് നിർണായക ബില്ലുകളും വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പ്രതിപക്ഷ പാർട്ടികളിലെ ചില വിഭാഗങ്ങളിൽ നിന്ന് വിഷയാധിഷ്ഠിത പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.

വനിതകൾക്ക് നിയമനിർമാണ സഭകളിൽ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതും ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിലൂടെ അംഗബലം വർധിപ്പിക്കുന്നതുമായ ഭരണഘടനാ ഭേദഗതികൾ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ഇപ്പോഴും താൽപര്യം പുലർത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ പ്രാദേശിക പാർട്ടികളിലെയും പ്രതിപക്ഷ എംപിമാരിലെയും അനുകൂല നിലപാട് ബില്ലുകൾക്ക് പിന്തുണ നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ബില്ലിന് തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശരദ് പവാർ വിഭാഗത്തിൽ നിന്ന് വേർപെട്ട എൻസിപിയുടെ സുനേത്ര പവാർ വിഭാഗം, ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടപ്പാക്കി ലോക്‌സഭയിലെ അംഗസംഖ്യ 543ൽ നിന്ന് 816 ആയി ഉയർത്തുകയെന്നതാണ് നിർദ്ദിഷ്ട 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ പ്രധാന ലക്ഷ്യം. പുതിയ സീറ്റുകൾ സൃഷ്ടിക്കുന്നതിലൂടെ 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി വനിതാ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നു.

എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ആവശ്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ബില്ലിന് അനുകൂലമായി 298 എംപിമാർ വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ 352 വോട്ടുകൾ വേണമായിരുന്നു. അതിനാൽ ബിൽ പാസാകാതെ പോയി.

നിലവിൽ ലോക്‌സഭയിൽ എൻഡിഎയ്ക്ക് 293 അംഗങ്ങളാണുള്ളത്. ഒറ്റയ്ക്ക് ഭരണഘടനാ ഭേദഗതി പാസാക്കാൻ ഈ സംഖ്യ മതിയാകില്ല. ഇതോടെ പ്രതിപക്ഷത്തിന്റെ പിന്തുണ നേടുകയോ വോട്ടെടുപ്പിൽ ചില അംഗങ്ങളെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന സാധ്യതകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സജീവമായി പരിശോധിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img