
ന്യൂഡൽഹി: കേരളത്തിന്റെ സിൽവർ ലൈൻ, ഹൈസ്പീഡ് റെയിൽ പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഈ പദ്ധതികൾ ഉപേക്ഷിച്ച സാഹചര്യത്തിൽ കേന്ദ്രത്തിനും തുടർനടപടികൾ ഇല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. നിലവിൽ മൂന്നും നാലും റെയിൽപാതകളുടെ വികസനത്തിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതികൾ, സെമി ഹൈസ്പീഡ് റെയിൽ സാധ്യതകൾ, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയിൽ നിർദേശത്തിന്റെ നിലവിലെ സ്ഥിതി എന്നിവയെക്കുറിച്ചായിരുന്നു എം.പി.യുടെ ചോദ്യങ്ങൾ.
രാജ്യസഭയിലെ മറുപടിക്ക് പിന്നാലെ പ്രതികരിച്ച ജോൺ ബ്രിട്ടാസ്, സിൽവർ ലൈനും ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽ പദ്ധതിയും സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ കേന്ദ്രവും ഇനി അതുമായി മുന്നോട്ടുപോകില്ലെന്നാണ് വ്യക്തമാക്കിയതെന്ന് പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇ. ശ്രീധരന്റെ പദ്ധതി ചർച്ച ചെയ്ത് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ പദ്ധതി തള്ളിയതോടെ കേന്ദ്രവും ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറിയെന്നും ബ്രിട്ടാസ് ആരോപിച്ചു. ഇതിലൂടെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ഒരു സുപ്രധാന റെയിൽവേ പദ്ധതി നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. കോച്ച് നിർമാണത്തിനാവശ്യമായ റോളിങ് സ്റ്റോക്ക് നിലവിലുള്ള ഉത്പാദന യൂണിറ്റുകളിൽ നിന്ന് ലഭ്യമാകുന്നതിനാൽ പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിശദീകരണം.
കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമി ഇന്ത്യൻ റെയിൽവേയുടെ ഭാവി വികസന പദ്ധതികൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഏകദേശം 40 കോടി രൂപ ചെലവഴിച്ചാണ് ഈ ഭൂമി ഏറ്റെടുത്തത്. ഭാവിയിൽ റെയിൽവേ വികസന ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതി 2008-ലാണ് അംഗീകാരം നേടിയത്. 2012-ൽ തറക്കല്ലിട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചിരുന്നു. തുടർന്ന് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.










