01:40am 18 January 2026
NEWS
കടലോളം ആശങ്ക: മറൈൻ സെൻസസുമായി കേന്ദ്രം
08/12/2025  12:51 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
കടലോളം ആശങ്ക: മറൈൻ സെൻസസുമായി കേന്ദ്രം

രാജ്യത്തെ മത്സ്യത്തൊഴിലാളി മേഖലകൾ കേന്ദ്രീകരിച്ച് നവംബർ ആദ്യവാരം ആരംഭിച്ച മത്സ്യബന്ധന സെൻസസിന് (മറൈൻ സെൻസസ്) ഇത്തവണ പുതുമകളേറെ. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മത്സ്യബന്ധന സെൻസസ് പൂർണ്ണമായി ഡിജിറ്റൽ രൂപത്തിൽ നടത്തുന്നത്. ഡിജിറ്റൽ വിവരശേഖരണവും തത്സമയ വിദൂര നിരീക്ഷണവും എളുപ്പമാക്കുന്ന 'വ്യാസ് ഭാരത്', 'വ്യാസ് സൂത്ര' എന്നീ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഭവനതല വിവരശേഖരണം. എന്യൂമറേറ്റർമാർ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തുന്നത് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് മൊബൈൽ ഫോണുകളുമായിട്ടാണ്. 

നവംബർ 3 മുതൽ ഡിസംബർ 18 വരെ 45 ദിവസങ്ങളിലായി  രാജ്യവ്യാപകമായിട്ടാണ് വിവരശേഖരണം. പരിശീലനം ലഭിച്ച ഫീൽഡ് സ്റ്റാഫുകൾ ഒൻപത് തീരദേശ സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,000ത്തിലധികം മത്സ്യബന്ധന ഗ്രാമങ്ങളിലെ 1.2 ദശലക്ഷത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്ഥിതി വിവരണ കണക്കുകൾ ശേഖരിക്കും. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്യൂമേറ്റർമാർ. നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് (എൻ.എഫ്.ഡി.പി) മത്സ്യത്തൊഴിലാളികളുടെ പേര് ചേർക്കുന്നത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ ഫിഷറീസ് മന്ത്രാലയമാണ് സെൻസസ് ഏകോപിപ്പിക്കുന്നത്. സിഎംഎഫ്ആർഐ  നോഡൽ ഏജൻസിയും ഫിഷറിഷ് സർവേ ഓഫ് ഇന്ത്യ (എഫ് എസ് ഐ)  പ്രവർത്തന പങ്കാളിയുമാണ്. 

രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സെൻസസ് നിർണായകമാണ്. സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിനും നയരൂപീകരണത്തിനും നിർണ്ണായകമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് മറൈൻ ഫിഷറീസ് സെൻസസിന്റെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ച മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിരിക്കും കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹത. പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ യോജനയുടെ ആനുകൂല്യങ്ങളും ഇതിൽപ്പെടും. 
വിവരശേഖരണത്തിലെ പിഴവുകൾ കുറയ്ക്കാനും വേഗത്തിൽ വിവരശേഖരണം പൂർത്തിയാക്കാനും മൊബൈൽ ആപ്പുകൾ സഹായിക്കുമെന്ന് സി.എം.എഫ്.ആർ.ഐ അവകാശപ്പെടുന്നു. സ്മാർട്ട് സെൻസസ്, സ്മാർട്ടർ സെൻസസ് എന്നതാണ് ലക്ഷ്യം. വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ ആപ്പുകൾ ഉപയോഗിച്ച് തൽസമയം വിവരശേഖരണം നടത്തുന്നത് ആദ്യമായിട്ടാണ്. ജിയോ റഫൻസിംഗും തൽക്ഷണ പരിശോധനയും ആപ്പ് വഴിസാധ്യമാകും. 

മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാത്ത സെൻസസ്  

മറൈൻ സെൻസസിനെ മത്സ്യത്തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ആശങ്കകൾ വലുതാണ്. കണക്കെടുപ്പ് സംബന്ധിച്ച് തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളി യൂണിൻ പ്രതിനിധികളെ വിളിച്ച് ചർച്ച നടത്താൻ ഫിഷറീസ് മന്ത്രാലയം തയ്യാറായില്ല. കണക്കെടുപ്പിന് മുന്നോടിയായി ഈ മേഖലയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ, സാമൂഹിക പ്രവത്തകർ തുടങ്ങിയവരുമായി പ്രാരംഭ ചർച്ചകൾ നടത്താതിരുന്നതിൽ യൂണിയനുകൾക്ക് അമർഷമുണ്ട്. കേന്ദ്ര സെൻസസിന്റ കണക്കെടുപ്പിന്റെ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്ക അവർ മറച്ചുപിടിക്കുന്നില്ല.  

' മത്സ്യത്തൊഴിലാളികളും യാനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് മുന്നിൽ നിലവിലുള്ള കണക്കുകൾ പോലും സുതാര്യമല്ല'. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ കേരളശബ്ദത്തോട് പറഞ്ഞു. 'മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ എല്ലാ വർഷവും അംഗങ്ങളെ ചേർക്കാറുണ്ട്. കേരളത്തിലെ 222 മത്സ്യഗ്രാമങ്ങളിലെ ഫിഷറീസ് ഓഫീസർമാരാണ് അംഗങ്ങളെ ചേർക്കുന്നത്. ഈ കണക്കുകളാണ് പലപ്പോഴും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണമായി കണക്കാക്കുന്നത്. എന്നാൽ ഇത് ശരിയായ കണക്കാണെന്ന് പറയാൻ സാധിക്കില്ല. ക്ഷേമനിധിയിലേക്ക് എല്ലാവരും ഇടിച്ചുകയറുന്ന സ്ഥിതിയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും മത്സ്യമേഖലയുമായി നേരിട്ട് ബന്ധപ്പെടാത്തവരുമായ നിരവധി ആൾക്കാർ ക്ഷേമനിധിയിൽ അംഗങ്ങളായി ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണ്. രാഷ്ട്രീയ സമ്മർദ്ദമാണ് ഇതിന് പിന്നിൽ. ക്ഷേമനിധിയിൽ നിന്ന് യഥാർത്ഥ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകാനും വിഭജിച്ച് പോകാനും ഇതിടയാക്കുന്നു.' അദ്ദേഹം ചൂണ്ടിക്കാട്ടി. 

തീരത്തെയും മത്സ്യസമ്പത്തിനെയും കൊള്ളയടിക്കുമോ...?

മറൈൻ സെൻസസ്  തീരദേശ മേഖലയെ കൊള്ളയടിക്കാൻ  കോർപ്പറേറ്റുകൾക്ക് അവസരം ഒരുക്കുമോ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. സുസ്ഥിര മത്സ്യബന്ധന പരിപാലനത്തിനും നയരൂപീകരണത്തിനും നിർണായക വിവരങ്ങൾ ലഭ്യമാക്കുകയാണ് മറൈൻ ഫിഷറീസ് സെൻസസിന്റെ ലക്ഷ്യമെന്ന് നോഡൽ ഏജൻസിയായ സി.എം.എഫ്.ആർ.ഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ ആശങ്കകളിൽ കഴമ്പുണ്ടെന്ന് വിദഗ്ധർ കരുതുന്നു. 

'സമുദ്ര മണൽഖനനത്തിന് എതിരെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ചെറുത്തുനിൽപ്പിന്റെ പാതയിലാണ്.'ജാക്‌സൺ പൊള്ളയിൽ വിശദീകരിക്കുന്നു. 'കോർപ്പറേറ്റുകൾ സമുദ്രഖനനം തുടങ്ങുന്നതോടെ ഈ മേഖലയിൽ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പുറത്താകുന്ന സ്ഥിതി വരും. മത്സ്യബന്ധനത്തിനുള്ള അവകാശവും മത്സ്യസമ്പത്തിലുള്ള ഉടമസ്ഥാവകാശവും മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ സർക്കാരുകൾ നടപടിയെടുക്കണം.'

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അംഗമല്ലാത്തവർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന മുന്നറിയിപ്പും ആശങ്ക പരത്തുന്നു. അനർഹർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന പട്ടികയിൽ കടന്നുകൂടാനും അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റാനും ഇതിടയാക്കും. കേന്ദ്രസർക്കാർ മത്സ്യമേഖലയിൽ നടപ്പാക്കുന്ന പല ക്ഷേമപദ്ധതികളുടെയും ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക് കിട്ടാത്ത സ്ഥിതി ഇപ്പോൾ തന്നെയുണ്ട്. ആഴക്കടൽ മത്സ്യബന്ധനം നടത്താൻ കേന്ദ്രസർക്കാർ അനുവദിക്കുന്ന ഒരു കോടി രൂപയുടെ ധനസഹായം ഉദാഹരണമാണ്. ധനസഹായത്തിൽ 60 ശതമാനം സബ്‌സിഡിയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് തീരക്കടൽ മത്സ്യബന്ധനത്തേക്കാൾ വൈദഗ്ധ്യം ആവശ്യമാണ്. ആദ്യഘട്ടത്തിൽ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കാണ് ബോട്ടുകൾ വാങ്ങാൻ ഒരു കോടി രൂപ അനുവദിച്ചത്. കേരളത്തിൽ ആറ് സംഘങ്ങൾക്ക് തുക അനുവദിച്ചെങ്കിലും പരമ്പരാഗത തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല. രാഷ്ട്രീയ പിൻബലമുള്ള സംഘങ്ങളെയാണ് ഇതിലുൾപ്പെടുത്തിയത്. ഇങ്ങനെ ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ ബോട്ട് തെക്കൻ കേരളത്തിലെ സംഘത്തിന്റെ ഉടമ നീണ്ടകര കോസ്റ്റൽ പൊലീസിന് വാടകയ്ക്ക് നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. 

നവംബർ ആദ്യവാരം എറണാകുളം സി.എം.എഫ്.ആർ.ഐയിൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനാണ് മറൈൻ സെൻസസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗത്തിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ തങ്ങളുടെ ആശങ്കകൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഈ യോഗത്തിൽ മന്ത്രി ഭാഗമായിരുന്നില്ല. 

മത്സ്യസമ്പത്തിന്റെയും യാനങ്ങളുടെയും കണക്കെടുപ്പ് വേണം: ചാൾസ് ജോർജ്
 കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ) സംസ്ഥാന പ്രസിഡന്റ് 

മറൈൻ സെൻസസ് നടത്തുന്നതിനൊപ്പം ഇന്ത്യയുടെ സമുദ്രസമ്പത്ത് സംബന്ധിച്ച് ശാസ്ത്രീയമായ കണക്കെടുപ്പും ആവശ്യമാണെന്ന്  കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇന്ത്യ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് 'കേരളശബ്ദ'ത്തോട് പറഞ്ഞു. 2021-ൽ കേന്ദ്രസർക്കാർ നിയോഗിച്ച വിജയകുമാരൻനായർ കമ്മിറ്റിയുടെ പഠനത്തിൽ ഇന്ത്യൻ തീരത്ത് ഒരു വർഷം മത്സ്യബന്ധനം നടത്താൻ 53.4 ലക്ഷം ടൺ മത്സ്യസമ്പത്താണ് ലഭ്യമായിട്ടുള്ളതെന്ന്  കണ്ടെത്തിയിരുന്നു. ഇതിനാവശ്യം 92355 മത്സ്യബന്ധന യാനങ്ങൾ മാത്രമാണ്. എന്നാൽ 3.14 ലക്ഷം യാനങ്ങൾ ഇന്ത്യയിൽ മീൻപിടിത്തം നടത്തുന്നു. ഇത് പടിപടിയായി കുറയ്ക്കാൻ നടപടി ആവശ്യമാണ്. ഇതോടൊപ്പം ഇന്ത്യയിൽ ലഭ്യമായതും ഇപ്പോൾ വംശനാശം നേരിടുന്നതുമായ മത്സ്യസമ്പത്തിനെ കുറിച്ചും കണക്കെടുപ്പ് വേണം.

മറൈൻ സെൻസസ് നല്ലൊരു കാര്യമാണെങ്കിലും യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് വേണം കണക്കെടുപ്പ് നടത്താൻ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ പകുതിയിലേറെ സ്ത്രീകളാണ്. എന്നാൽ മത്യബന്ധന മേഖലയിലെ ഉൽപ്പാദന പ്രക്രിയയിൽ അവർ പങ്കാളികളല്ലാത്ത സ്ഥിതിയാണ്. നാമമാത്രമായ പ്രതിനിധ്യം പോലും വിതരണ മേഖലയിൽ ഒതുങ്ങുകയാണ്. സ്ത്രീകളെ എങ്ങനെ ഉൽപ്പാദന പ്രക്രിയയിൽ ഉൾപ്പെടുത്താൻ സാധിക്കും എന്നതിനെപ്പറ്റി സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ആലോചിക്കണം. 

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പിൻതലമുറക്കാർ ഈ രംഗത്തേക്ക് കടന്നുവരാൻ താൽപ്പര്യം കാട്ടാത്തത് മറ്റൊരു പ്രശ്‌നമാണ്. കൂടുതൽ ലാഭകരമായ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന തരകൻമാരുടെയും കച്ചവടക്കാരുടെയും പിൻഗാമികളാണ് മത്സ്യമേഖലയിലേക്ക് കൂടുതലായി എത്തുന്നത്. കേരളത്തിൽനിന്ന് തമിഴ്‌നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചെറുചാള പോലെയുള്ള മത്സ്യങ്ങൾ കടത്തിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കാൻ നടപടി വേണം. ഈ സംസ്ഥാനങ്ങളിലെ ചെമ്മീൻ തീറ്റ ഉൽപ്പാദന ഫാക്ടറികളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. ഇത് ചാള ഉൽപ്പാദന ക്ഷമതയെ ബാധിക്കും. 

തൊഴിൽസാന്ദ്രതയേറിയ മത്സ്യമേഖലയെ മൂലധന സാന്ദ്രതയുള്ളതാക്കി മാറ്റുന്നത് ഈ മേഖലയെ തകർക്കാൻ ഇടയാക്കുമെന്നും ചാൾസ് ജോർജ് പറഞ്ഞു. വൻകിടക്കാർക്ക് കപ്പലുകളും മറ്റും വാങ്ങാൻ അവസരമൊരുക്കുകയും സാധാരണ മത്സ്യത്തൊഴിലാളികൾക്ക് വള്ളം വാങ്ങാൻ ധനസഹായം ലഭ്യമാകാത്ത സ്ഥിതി സംജാതമാവുകയും ചെയ്യരുത്. ഇതെല്ലാം സെൻസസിന്റെ ഭാഗമായി പരിഗണിക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

മറൈൻ സെൻസസിന്റെ ലക്ഷ്യം സമഗ്രവിവരശേഖരണം  
ഡോ. ഗ്രിൻസൺ ജോർജ്  (സി.എം.എഫ്.ആർ.ഐ ഡയറക്ടർ )


വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങളോടെ നടത്തുന്ന മറൈൻ സെൻസസ് മത്സ്യമേഖലയുടെ സമഗ്രമായ കണക്കെടുപ്പാണ് ലക്ഷ്യമിടുന്നതെന്ന്  സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കുന്നു. വീടുകളിലെത്തിയുള്ള മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണത്തിൽ മാത്രമൊതുങ്ങുന്നതല്ല കണക്കെടുപ്പ്. മത്സ്യഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്ററുകളിലെ സൗകര്യങ്ങൾ, മത്സ്യബന്ധന യാനങ്ങളുടെ എണ്ണം എന്നിവയും സെൻസസിന്റെ ഭാഗമാണ്. ഏറ്റവും പ്രധാനപ്പെട്ടത് വീടുകളിലെത്തിയുള്ള വിവരശേഖരണമാണ്. 

എന്യൂമേറ്റർമാർ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളിൽ ഒരാളെങ്കിലും കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം ആ കുടുംബത്തെ മത്സ്യത്തൊഴിലാളി കുടുംബമായി നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ (എൻ.എഫ്.ഡി.പി) രേഖപ്പെടുത്തും. നേരിട്ടുള്ള കടൽ മത്സ്യബന്ധനത്തിന് പുറമെ കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മാർക്കറ്റിംഗ്, പീലിങ്, കടൽപായൽ ശേഖരണം, സംസ്‌കരണം, മത്സ്യവിത്ത് ശേഖരണം, കടൽക്കൂട് മത്സ്യക്കൃഷി, വലനിർമാണം, ലാൻഡിംഗ് സെന്ററുകളിൽ ജോലി ചെയ്യുന്ന തലച്ചുമടുകാർ, കമ്മീഷൻഡ് ഏജന്റുമാർ  ഉൾപ്പെടെ വ്യക്തമായ 18 വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരിട്ടുള്ള കടൽ മത്സ്യബന്ധനത്തിൽ മുഴുവൻ സമയ മത്സ്യബന്ധനം നടത്തുന്നവരും ഭാഗിക (പാർട്ട് ടൈം) മത്സ്യബന്ധനം നടത്തുന്നവരും ഉൾപ്പെടും. 
മത്സ്യഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കിയുള്ള അടിസ്ഥാനസൗകര്യ വിവരശേഖരണത്തിൽ ആ ഗ്രാമത്തിൽ ലഭ്യമായ ബാങ്കിംഗ്, മെഡിക്കൽ സൗകര്യങ്ങളടക്കം വിവരങ്ങൾ ശേഖരിക്കും. ക്രാഫ്റ്റ് സെൻസസിന്റെ ഭാഗമായി ഓരോ മത്സ്യബന്ധനതുറമുഖത്തും തുറമുഖകളിലും നിന്ന് കടലിൽ  പോകുന്ന യാനങ്ങളെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തും. ഏറ്റവുമൊടുവിലായി സംസ്‌കരണശാലകൾ, ബോട്ട് നിർമാണ യാർഡുകൾ എന്നിവ സംബന്ധിച്ച സ്ഥിതിവിവരകണക്കുകളും ഉൾപ്പെടുത്തും. 

സംസ്ഥാന സർക്കാർ നൽകിയ മത്സ്യഗ്രാമങ്ങളുടെ പട്ടികയും 2016-ൽ നടത്തിയ മറൈൻ സെൻസസ് പട്ടികയും അടിസ്ഥാനമാക്കിയാണ് സെൻസസ് നടത്തേണ്ട മത്സ്യഗ്രാമങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കേരള സർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിൽ 222 മത്സ്യഗ്രാമങ്ങളുണ്ട്. ഇവയോടൊപ്പം 3 ഗ്രാമങ്ങളെ കൂടി ഉൾപ്പെടുത്തി 225 മത്സ്യഗ്രാമങ്ങളിലാണ് കേരളത്തിലെ കണക്കെടുപ്പ്. ജൂലൈ മുതൽ തന്നെ സെൻസസ് പ്രവർത്തനങ്ങളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റിൽ മത്സ്യഗ്രാമങ്ങളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരുന്നു. മത്സ്യഗ്രാമങ്ങളിൽ നിന്നാണ് എന്യുമറേറ്റർമാരെ തെരഞ്ഞെടുത്തത്. ഇവർക്ക് മത്സ്യത്തൊഴിലാളികളുമായി ബന്ധമുള്ളതിനാൽ കണക്കെടുപ്പ് സുഗമമായി നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img