03:25pm 19 August 2026
NEWS
എൻ.പി.ആർ വീണ്ടും നടപ്പാക്കാനുള്ള രഹസ്യ നീക്കമോ? സെൻസസ് ചോദ്യാവലി വിവാദത്തിൽ
19/08/2026  03:05 PM IST
nila
 എൻ.പി.ആർ വീണ്ടും നടപ്പാക്കാനുള്ള രഹസ്യ നീക്കമോ? സെൻസസ് ചോദ്യാവലി വിവാദത്തിൽ

ന്യൂഡൽഹി: 2027ലെ ജനസംഖ്യാ കണക്കെടുപ്പിനായി തയ്യാറാക്കിയ ചോദ്യാവലിയെച്ചൊല്ലി വിവാദം. കേന്ദ്രസർക്കാർ നേരത്തെ നടപ്പാക്കാൻ ശ്രമിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സെൻസസ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതാണ് പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയത്. മാതാപിതാക്കളുടെ ജനനസ്ഥലം, ജനനത്തീയതി, മതം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണമെന്നാണ് നിർദേശം.

ആകെ 40 ചോദ്യങ്ങളാണ് 2027ലെ സെൻസസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യക്തികളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുന്നു. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.

2019ൽ എൻ.പി.ആർ പുതുക്കുന്നതിനായി തയ്യാറാക്കിയ മാതൃകാ ചോദ്യാവലിയിലും സമാനമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളുടേതടക്കം ശക്തമായ എതിർപ്പിനെ തുടർന്ന് അന്ന് എൻ.പി.ആർ നടപടികൾ മാറ്റിവയ്ക്കുകയായിരുന്നു. സെൻസസിന്റെ മറവിൽ എൻ.പി.ആർ വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തേതെന്നാണ് ഉയരുന്ന ആരോപണം.

ചോദ്യാവലിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് കോൺഗ്രസ് വക്താവ് ജയറാം രമേശിന്റെ ആരോപണം. മുൻ സെൻസസുകളിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാതാപിതാക്കളെക്കുറിച്ച് വ്യക്തിക്ക് അറിയാവുന്ന വിവരങ്ങൾ നൽകിയാൽ മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ജനനസ്ഥലവും ജനനത്തീയതിയും തെളിയിക്കുന്ന രേഖകളൊന്നും സമർപ്പിക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സെൻസസ് വിവരശേഖരണവും എൻ.പി.ആർ നടപടികളും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ലെന്നും, ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതിൽ രേഖാ പരിശോധന നിർബന്ധമല്ലെന്നുമാണ് സർക്കാർ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img