
തിരുവനന്തപുരം: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികളുടെ ഭാഗമായി ഡിജിറ്റൽ വിവരശേഖരണത്തിന് പുതിയ മാർഗ്ഗരേഖ. സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) നടത്തുമ്പോൾ ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മറ്റ് കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
പേരുകളിൽ മാറ്റം വരുത്താനാകില്ല
സെൻസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന കുടുംബനാഥന്റെയോ നാഥയുടെയോ പേര് പിന്നീട് യാതൊരു കാരണവശാലും മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
രജിസ്ട്രേഷൻ ഇങ്ങനെ:
പൊതുജനങ്ങൾക്ക് മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് https://se.census.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ആദ്യം ലോഗിൻ ചെയ്യാം.
സംസ്ഥാനം, ക്യാപ്‌ച എന്നിവ നൽകി ലോഗിൻ ചെയ്ത ശേഷം കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി (നിർബന്ധമല്ല) എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
തുടർന്ന് ഒടിപി (OTP) വെരിഫിക്കേഷനിലൂടെ ലൊക്കേഷൻ വിവരങ്ങളും താമസസ്ഥലവും കൃത്യമായി രേഖപ്പെടുത്താം.
വിവരങ്ങൾ പൂർണ്ണമായി നൽകിയ ശേഷം 'അന്തിമ സമർപ്പണം' ചെയ്യാം. ഇതിനുശേഷം തിരുത്തലുകൾ അനുവദിക്കില്ല.
എസ്.ഇ.ഐ.ഡി നമ്പർ ലഭിക്കും
വിവരങ്ങൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 'H' എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള പ്രത്യേക സെൽഫ് എൻയുമറേഷൻ ഐഡി (SEID) ലഭിക്കും. ഇത് എസ്.എം.എസ്, ഇ-മെയിൽ വഴി ലഭ്യമാകും. ഭാവിയിൽ എൻയുമറേറ്റർമാർ വീട് സന്ദർശിക്കുമ്പോൾ ഈ ഐഡി കാണിച്ചു നൽകേണ്ടതാണ്.
പൂട്ടിയിട്ട വീടുകളുടെ വിവരങ്ങളും ശേഖരിക്കും
സെൻസസ് 2027-ന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന വീടുകളുടെ വിവരങ്ങൾ ശേഖരിക്കാനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജൂലൈ 30 വരെയുള്ള കാലയളവിൽ എൻയുമറേറ്റർമാർ ഒന്നിലധികം തവണ വീടുകളിൽ എത്തും. ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അയൽക്കാരോടോ ജനപ്രതിനിധികളോടോ ചോദിച്ച് വിവരങ്ങൾ ശേഖരിച്ച് വെബ് മാപ്പിംഗ് ആപ്ലിക്കേഷൻ വഴി രേഖപ്പെടുത്തും. വിവരശേഖരണത്തിനായി 61,282 എൻയുമറേറ്റർമാരെയും മേൽനോട്ടത്തിനായി 10,181 സൂപ്പർവൈസർമാരെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.










