07:31pm 08 November 2026
NEWS
സിനിമയുടെ പേര് എപ്പോൾ വേണമെങ്കിലും മാറ്റാൻ അധികാരം; കർശന നിലപാടുമായി സെൻസർ ബോർഡ്; എതിർപ്പുമായി ഫിലിം ചേംബർ
08/11/2026  06:55 PM IST
nila
സിനിമയുടെ പേര് എപ്പോൾ വേണമെങ്കിലും മാറ്റാൻ അധികാരം; കർശന നിലപാടുമായി സെൻസർ ബോർഡ്; എതിർപ്പുമായി ഫിലിം ചേംബർ

സിനിമകളുടെ പേരുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സെൻസർ ബോർഡ്. ഒരിക്കൽ അംഗീകരിച്ച സിനിമാ ടൈറ്റിൽ അന്തിമമാണെന്ന് കരുതേണ്ടെന്നും, ആവശ്യമായ ഘട്ടത്തിൽ ഏത് സമയത്തും പേര് മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നും വ്യക്തമാക്കുന്ന പുതിയ അഡ്‌വൈസറിയാണ് പുറത്തിറക്കിയത്. എന്നാൽ സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫിലിം ചേംബർ രംഗത്തെത്തി. അഡ്‌വൈസറി ഉടൻ പിൻവലിക്കണമെന്നും ബോർഡിന് മുകളിൽ കോടതികളുണ്ടെന്ന കാര്യം മറക്കരുതെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.

റിലീസ് തീയതി അടുത്തെത്തിയെന്ന കാരണത്താൽ സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികൾക്ക് ഇനി മുൻഗണന നൽകില്ലെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പുള്ള 'വർക്ക് ഇൻ പ്രോഗ്രസ്' സിനിമകളുടെ അപേക്ഷകളും ഇനി സ്വീകരിക്കില്ല. ഇതിനുപുറമെയാണ് സിനിമയുടെ പേര് അവസാന ഘട്ടത്തിൽ പോലും മാറ്റാൻ അധികാരമുണ്ടെന്ന മുന്നറിയിപ്പ്.

സാധാരണയായി റിലീസിന് ഒരാഴ്ച മുമ്പാണ് സിനിമകളുടെ സെൻസറിങ് നടപടികൾ പൂർത്തിയാക്കുന്നത്. ഈ ഘട്ടത്തിൽ ടൈറ്റിൽ മാറ്റാൻ ബോർഡ് നിർദേശിച്ചാൽ നിർമാതാക്കൾ വലിയ പ്രതിസന്ധിയിലാകും. വർഷങ്ങളോളം സമയവും കോടിക്കണക്കിന് രൂപയും ചെലവഴിച്ച് നിർമിക്കുന്ന ചിത്രങ്ങളുടെ പ്രചാരണം, പരസ്യം, വിതരണ കരാറുകൾ എന്നിവയെല്ലാം അവസാന നിമിഷത്തെ പേരുമാറ്റം ബാധിച്ചേക്കാം.

സെൻസർ ബോർഡിന്റെ പുതിയ നിലപാട് സിനിമാ നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ് ആരോപിച്ചു. ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമീപകാലത്ത് ചില സിനിമകളുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വന്തം നിയമപരമായ അധികാരങ്ങൾ ഓർമിപ്പിച്ച് സെൻസർ ബോർഡ് പുതിയ അഡ്‌വൈസറി പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഈ നിർദേശം സിനിമാ വ്യവസായത്തിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img