
ദോഹ: ശീതകാല ആകാശത്തിന് വീണ്ടും നിറങ്ങൾ പകരാൻ ഖത്തർ കൈറ്റ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നു. ദോഹയുടെ ആകാശവീഥികളിൽ സ്വപ്നങ്ങൾ പറത്തിയുണർത്തിയ കൈറ്റുകളുടെ ഉത്സവം, 2026 ജനുവരിയിൽ നാലാം പതിപ്പുമായി വീണ്ടും നഗരത്തെ ആവേശത്തിലാഴ്ത്തും.
ജനുവരി 15 മുതൽ 24 വരെ നീളുന്ന ഫെസ്റ്റിവലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രൊഫഷണൽ കൈറ്റ് ടീമുകൾ പങ്കെടുക്കും. ഭീമാകാരമായ കൈറ്റുകളും കലാപരമായ രൂപകല്പനകളും കഥാപാത്ര കൈറ്റുകളും സമന്വയിച്ച ആകാശനൃത്തങ്ങളുമായി, പകലും രാത്രിയും ദോഹയുടെ ആകാശം വർണ്ണാഭമാകും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി കൈറ്റ് നിർമ്മാണ ശില്പശാലകൾ, സൗജന്യ കൈറ്റുകൾ, സാംസ്കാരിക അവതരണങ്ങൾ, കാർണിവൽ പരേഡുകൾ, വേദി ഷോകൾ, പ്രത്യേക കുട്ടികളുടെ മേഖലകളും കളിസ്ഥലങ്ങളും ഫെസ്റ്റിവലിന്റെ ആഘോഷമോഹനമായ അന്തരീക്ഷം പൂർത്തിയാക്കും.
വിവിധ രുചികളുടെ ഭക്ഷണ-പാനീയ സ്റ്റാളുകൾ സന്ദർശകാനുഭവം സമ്പൂർണ്ണമാക്കും. കഴിഞ്ഞ വർഷം ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച ഫെസ്റ്റിവൽ, ഓൾഡ് ദോഹ പോർട്ടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ ദോഹയുടെ ആകാശത്തെ വർണ്ണോത്സവമാക്കി മാറ്റിയിരുന്നു.
ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ സംഘാടകർ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു











