01:41pm 17 September 2026
NEWS
ഗാസയിൽ വെടിനിർത്തൽ: എന്തുകൊണ്ട് അനിശ്ചിതത്വങ്ങൾ ബാക്കി ?
16/10/2025  11:51 AM IST
കല്ലമ്പലം അൻസാരി
ഗാസയിൽ വെടിനിർത്തൽ: എന്തുകൊണ്ട് അനിശ്ചിതത്വങ്ങൾ ബാക്കി ?

ഗാസയിൽ രണ്ടുവർഷമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന പദ്ധതിക്ക് ഹമാസ് അനുകൂലമായ നിമിഷത്തിൽ ഗാസയിലെ സാധാരണജനങ്ങൾ ആശ്ചര്യകരമായ ആശ്വാസത്തോടെയാണ് പ്രതികരിച്ചത്. പാശ്ചാത്യമാധ്യമങ്ങളിലൂടെ അന്ന് പാറിപ്പറന്നത് 'യുദ്ധംഅവസാനിക്കുമോ' എന്ന ചോദ്യമാണ്. യുദ്ധത്തിന്റെ കെടുതിയിൽ അത്രയധികം അവശരായിരുന്ന ഗാസയിലെ ജനങ്ങൾ ഏതാണ്ട് എഴുപതിനായിരത്തിനടുത്ത് ഇതിനകം കൊല്ലപ്പെട്ടു. നാടും വീടും ഉപേക്ഷിച്ച് അയാർത്ഥികളായി മാറിയത് ലക്ഷക്കണക്കിന് പേരാണ്. ഗാസയുടെ ഏതാണ്ട് എൺപത് ശതമാനം മണ്ണ് ഇസ്രായേലിന്റെ കാൽക്കീഴിലായി. അതിലധികം ഭയാനകമായിരുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ ഇരുളടഞ്ഞ ഭാവിയായിരുന്നു. ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിൽ തങ്ങളുടെ മണ്ണ് ഇസ്രായേൽ സ്വന്തമാക്കുമോ? ഈ ഇരുണ്ട വഴിയിലാണ് ട്രംപിന്റെ സമാധാന പദ്ധതിയും, അതിന് ഹമാസ് അനുകൂല നിലപാടും പാലസ്തീൻ ജനതയ്ക്ക് വലിയ ആശ്വാസമായി മാറിയത്.

പുലി പതുങ്ങുന്നത് മുന്നോട്ട് കുതിക്കാനാണ് എന്നുപറയുന്നതുപോലെയായിരുന്നു ഗാസ യുദ്ധത്തിൽ ട്രംപിന്റെ നിലപാട്. ഗാസയെ ഛിന്നംഭിന്നം ഇസ്രായേൽ ബോംബുകൾ വർഷിച്ച് തകർത്തപ്പോഴും, ഗാസയുടെ ഭൂരിപക്ഷ പ്രദേശങ്ങളും അവരുടെ അധീനതയിൽ ആയപ്പോഴും ട്രംപ് ഒന്നും മിണ്ടിയില്ല. ഹമാസിന്റെ നിരവധി ഉന്നത നേതാക്കന്മാരെ ഇസ്രായേൽ കൊന്നുതള്ളി. ഇതിനിടയിൽ ലബനനിലേക്ക് തിരിച്ച് ഹിസ്ബുള്ളയെ ആക്രമിച്ച് അതിന്റെ പ്രധാന തലവന്മാരെയൊക്കെ ഇസ്രായേൽ വധിച്ചു. ഇതിനിടയിലേക്ക് ഇറാനിലേക്ക് നടത്തിയ ആക്രമണമാണ് ലോകത്തെ ആശങ്കയിലാഴ്ത്തിയത്. ഇറാന്റെ പ്രധാനപ്പെട്ട ന്യൂക്ലിയർ പ്ലാന്റുകളൊക്കെ തകർത്ത് തരിപ്പണമാക്കി. പിന്നീട് യെമനിലെ ഹൂതികൾക്ക് നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു. ഒടുവിലാണ് ഖത്തറിലുണ്ടായിരുന്ന ഹമാസ്‌നേതാക്കന്മാരെ വകവരുത്താൻ അവിടേക്കും ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. ഇസ്രായേലിന്റെ തലങ്ങും വിലങ്ങുമുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ തന്നെ ആശങ്കയിലാഴ്ത്തി. ഇതിനെത്തുടർന്നാണ് അമേരിക്കയുടെ ഉറ്റസുഹൃത്തുക്കളായ ബ്രിട്ടനും, ഫ്രാൻസും, ക്യാനഡയും ആസ്‌ട്രേലിയയും ഒക്കെ സ്വതന്ത്ര പാലസ്തീൻ രാഷ്ട്രമെന്ന ദ്വിരാഷ്ട്ര ഫോർമുലയെ പരസ്യമായി അംഗീകരിക്കാൻ മുതിർന്നത്. ട്രംപ് അവരുമായിട്ടൊന്നും ആശയവിനിമയം നടത്താൻ തയ്യാറാകാത്തതിന്റെ പ്രതികരണമായിരുന്നു അത്. എന്നാൽ അമേരിക്കയുടെ ഉറ്റസുഹൃത്തായ ഖത്തറിന്റെ മണ്ണിൽ ഇസ്രായേൽ നടത്തിയ ആക്രമണം ട്രംപിന്റെ ഇടെപടൽ അനിവാര്യമാക്കി. പക്ഷേ ഇതിനിടയിൽ തന്നെ ഗാസയുദ്ധം പരിഹരിക്കുന്നതിന് അണിയറയിൽ ഒരു വലിയ പ്ലാൻ ട്രംപ് തയ്യാറാക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഇസ്രായേലിനെക്കൊണ്ട് ഖത്തറിനോട് മാപ്പ് പറയിപ്പിച്ച് പ്രശ്‌നം വസൂലാക്കിയതിനോടൊപ്പം സമാധാനത്തിനായി ഇരുപതിന പദ്ധതിയും ട്രംപ് പ്രഖ്യാപിച്ചു.

രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഒക്‌ടോബർ 7 ന് ഇസ്രായേലിന്റെ മണ്ണിലേക്ക് കടന്ന് ആയിരക്കണക്കിന് പേരെ വധിക്കുകയും, നൂറുകണക്കിന് പേരെ ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്ത ഹമാസിന്റെ ഭീകരതയിൽ നിന്നാണല്ലോ ഗാസ യുദ്ധത്തിന്റെ തുടക്കം. ബന്ദികളാക്കപ്പെട്ട ഇസ്രയേലികളിൽ നിരവധിപ്പേരെ ഹമാസ് പിന്നീട് മോചിപ്പിച്ചിരുന്നു. ബാക്കിയുള്ള ഇരുപതിൽപ്പരം പേരെയും, ഹമാസിന്റെ കസ്റ്റഡിയിലുള്ള കൊല്ലപ്പെട്ട ഇസ്രായേലികളുടെ മൃതശരീരങ്ങളും വിട്ടുനൽകാനുള്ള പദ്ധതിയിലെ ഒരു നിബന്ധന പാലിക്കപ്പെടാൻ വലിയ പ്രതിബന്ധങ്ങളൊന്നുമില്ല. ഇവരെ വിട്ടു നൽകുന്നതിനോടൊപ്പം ഇസ്രായേൽ തടവറയിലുള്ള നൂറുകണക്കിന് പാലസ്തീൻകാരെ തിരിച്ചയയ്ക്കാനും ഇസ്രായേൽ സന്നദ്ധമാകും. അത്തരത്തിലുള്ള ഒരു ധാരണയ്ക്ക് കെയ്‌റോയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്. അതിന്റെ കാർമ്മികത്വത്തിന് ഈജിപ്റ്റിലെത്തി പങ്കുവഹിക്കാനും ട്രംപ് തയ്യാറാകും.

ട്രംപ് നിർദ്ദേശിച്ചിരിക്കുന്ന ഇരുപതിന പദ്ധതിയിൽ സങ്കീർണ്ണങ്ങളായ നിരവധി ഉപാധികളുണ്ട്. ഹമാസിനെ നിരായുധീകരിക്കുക എന്നത്അതിൽ ഒരു വലിയ കടമ്പയാണ്. അതിലും കടുകട്ടിയാണ് ഗാസയുടെ അധികാരത്തിൽ ഹമാസിന് ഒരു റോളും വിഭാവനം ചെയ്തിട്ടില്ല എന്ന വിഷയം. ഈ രണ്ട് നിർദ്ദേശങ്ങളിൽ ഹമാസ് നേതൃത്വത്തിന് കടുത്ത വിപ്രതിപത്തിയുണ്ട്. ഒരുപക്ഷേ തടിരക്ഷിക്കാൻ ഹമാസ് ഉന്നതർ അതിന് വഴങ്ങിയാലും താഴെത്തട്ടിലെ അണികൾ അതിന് തയ്യാറാകുമോ എന്ന വലിയ ചോദ്യവുമുണ്ട്. അവസരം മുതലാക്കി അസംതൃപ്തരായ അണികളെ പറിച്ചെടുത്ത് മറ്റൊരു ഭീകരസംഘടനയ്ക്ക് ജന്മം നൽകാൻ ആരെങ്കിലും മുതിർന്ന് കൂടായ്കയില്ല. ഹമാസിനെ സംബന്ധിച്ചിടത്തോളം ഇതൊരു നിലനിൽപ്പിന്റെ പ്രശ്‌നമാണ്. യുദ്ധം തുടർന്നാൽ ഹമാസ് ഉന്നതരുടെ ജീവനെടുക്കാൻ ഇസ്രായേൽ ഇനിയും മടിക്കില്ല. അവർ ആക്രമണം രൂക്ഷമാക്കും. ബെന്യമിൻ നെത്‌ന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സർക്കാരും അതിലെ സഖ്യകക്ഷികളും അതുതന്നെയാണ് ആഗ്രഹിക്കുന്നതും. എന്നാൽ സ്വയം ഇല്ലാതാവാനുള്ള ട്രംപിന്റെ നിർദ്ദേശത്തിൽ ഒപ്പുവച്ചാൽ അത് സ്വന്തം ആത്മഹുതിയായി മാറുകയും ചെയ്യും.

ട്രംപ് പദ്ധതിയിലെ മറ്റൊരു നിർദ്ദേശം രാഷ്ട്രീയ വിശ്വാസങ്ങൾക്ക് അതീതരായവരുടെ ഒരു ഭരണസംവിധാനം ഗാസയിൽ കൊണ്ടുവരുമെന്നുള്ളതാണ്. ഇത്രയും കാലം പാലസ്തീന് വേണ്ടി പോരാടിയ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും, ഹമാസ് പോലുള്ളവർക്കും ഗാസയുടെ ഭരണത്തിൽ ഇനി ഒരു പങ്കും ട്രംപ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നില്ല. ഭരണസമിതിയുടെ മേൽനോട്ടവും ഒരു അന്താരാഷ്ട്ര സമിതിക്കായിരിക്കും. നിരായുധീകരണം നടത്തി ശുദ്ധമായി വന്നാലും ഹമാസിന് ഭരണത്തിൽ പങ്കാളിയാകാനാവില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രതിസന്ധിതന്നെയാണ്. പി.എൽ.ഒയുടെയും ഹമാസിന്റെയും താഴെത്തട്ടിലുള്ള അണികൾക്ക് ഇതും ദഹിക്കുമോ എന്ന പ്രശ്‌നവുമുണ്ട്. പാലസ്തീൻ അതോറിറ്റി എന്ന പേരിൽ ലോകം അംഗീകരിക്കുന്ന പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ട്രംപിന്റെ അപ്രീതി കൊണ്ട് തന്നെ ഗാസയുടെ ഭരണസമിതിയിൽ പങ്കാളിത്തമുണ്ടാവില്ല. ട്രംപിന്റെ പദ്ധതിയനുസരിച്ച് പി.എൽ.ഒ ഭരണം വെസ്റ്റ്ബാങ്കിൽ മാത്രമായി ഒതുങ്ങും. ഗാസ പുതിയ നാടാകും. ഇതൊരുപക്ഷേ ട്രംപ് പണ്ട് പറഞ്ഞതുപോലെ ഗാസയെ ഒരു ടൂറിസ്റ്റ് റിസോർട്ട് ഹബ്ബ് ആക്കാനാണോ പ്ലാൻ എന്നറിയില്ല.

ഗാസയിലെ വെടിനിർത്തൽ പ്രാവർത്തികമായി കഴിഞ്ഞു. ഹമാസിന്റെ കീഴിലുള്ള ബന്ദികൾ വീട്ടിലെത്തും. ഗാസയിലെ സാധാരണ ജനങ്ങൾക്കാണ് ഈ നടപടി വലിയ ആശ്വാസമാകുന്നത്. ഈ യുദ്ധത്തിൽ യഥാർത്ഥ വിജയം കൊയ്തത് ബെന്യാമിൻ നെത്‌ന്യാഹു തന്നെയാണ്. തന്റെ കൂട്ടുകക്ഷികളിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും നെത്‌ന്യാഹു ഉദ്ദേശിച്ച ഫലം നേടി. ശത്രുക്കളുടെ നേർക്ക് മാത്രമല്ല ആർക്ക് നേരെയും ആക്രമണം നടത്താൻ ഇസ്രായേലിന് കഴിയുമെന്നും അതിന് തടയിടാൻ ഏറെ ബദ്ധപ്പെടേണ്ടി വരുമെന്നും ഇസ്രായേൽ തെളിയിച്ചു. സൗഹൃദ രാഷ്ട്രമായ ഖത്തറിന് നേരെയുള്ള ആക്രമണം ഇതാണ് സൂചിപ്പിക്കുന്നത്. ഇസ്രായേലിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഒളിച്ചുകളി നടത്തിയെന്നതും വ്യക്തമാണ്. പക്ഷേ ട്രംപും ആരെയും വകവയ്ക്കുന്നില്ല. അന്താരാഷ്ട്ര മര്യാദകൾക്ക് പുതിയ ചുവരെഴുത്താണ് ട്രംപും നെത്‌ന്യാഹുവും കൂടെ കാഴ്ചവയ്ക്കുന്നത്.

ഗാസയിലെ ജനങ്ങൾക്ക് യുദ്ധത്തിന്റെ ഭീതി ഒഴിഞ്ഞെങ്കിലും അനിശ്ചിതത്വങ്ങൾ ബാക്കിയാണ്. ഗാസയുടെ ഏതാണ്ട് എൺപത് ശതമാനത്തിലധികം ഇസ്രായേൽ പിടിച്ചെടുത്ത് കഴിഞ്ഞു. അതിൽ ഏതാണ്ട് അൻപത് ശതമാനം ഇസ്രായേൽ കൈയിൽ വയ്ക്കുമെന്നും അറിയുന്നുണ്ട്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള ഗ്രീൻ സോണായി ഇതിനെ കണക്കാക്കണം എന്നാണ് അവരുടെ നിലപാട്. അപ്പോൾ അവിടെനിന്ന് കുടിയൊഴിഞ്ഞവരുടെ പുനരധിവാസം കീറാമുട്ടിയായി തുടരും. വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് ഹമാസിനാണ്. ഇപ്പോഴത്തെ വെടിനിർത്തൽ കരാർ ഹമാസിനെ കൂടി പങ്കെടുപ്പിച്ചുള്ള ചർച്ചകൾക്ക് ശേഷമാണെങ്കിലും ഇനി അവരുടെ റോൾ എന്തായിരിക്കും എന്നത് വ്യക്തമല്ല. സ്വയം നിരായുധീകരിച്ച് സീനിൽ നിന്ന് അപ്രത്യക്ഷമാകാനാണോ ഇവർക്ക് യോഗം എന്ന് കണ്ടറിയണം. ഹമാസിനെ ഒരു തരത്തിലും അംഗീകരിക്കില്ല എന്ന നിലപാടാണ് ഇസ്രായേലിന്റേത്. ട്രംപിന്റെ പിന്തുണയും ഇതിനുണ്ട്. പുതിയ മുഖവും, പുതിയ പേരും, പുതിയ പദ്ധതികളുമായി ഹമാസിനെ നിലനിർത്താൻ അവർ ശ്രമിച്ചുകൂടെന്നില്ല. അതിന് ഇസ്രയേലിന്റെ കാരുണ്യം ഹമാസ് ഇരക്കേണ്ടി വരും. പാലസ്തീനിൽ ശാശ്വത സമാധാനത്തിന് ഇപ്പോഴത്തെ പൊടിക്കൈകൾ ഒന്നും കൊണ്ട് മതിയാകില്ലെന്നുതന്നെയാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img