12:19pm 28 October 2026
NEWS
അന്യസംസ്ഥാന തൊഴിലാളി സ്റ്റേഷനിൽ ഏൽപിച്ച ഫോൺ പൊലീസുകാരൻ തന്നെ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; സിപിഒ അറസ്റ്റിൽ
28/10/2026  09:12 AM IST
nila
അന്യസംസ്ഥാന തൊഴിലാളി സ്റ്റേഷനിൽ ഏൽപിച്ച ഫോൺ പൊലീസുകാരൻ തന്നെ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; സിപിഒ അറസ്റ്റിൽ

കാസർകോട്: റോഡരികിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ തന്നെ ഫോൺ മോഷ്ടിച്ചു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളി ഏൽപിച്ച ഫോൺ മേശവലിപ്പിൽനിന്ന് മോഷ്ടിച്ച കേസിൽ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിലായി. ബദിയടുക്ക നീർച്ചാൽ സ്വദേശി തൈവളപ്പ് വീട്ടിൽ വൈ. ബൈജു (41) ആണ് അറസ്റ്റിലായത്. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

ഈ മാസം എട്ടിനായിരുന്നു സംഭവം. ചന്തേര പൊലീസ് സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അതിഥിത്തൊഴിലാളിക്കാണ് റോഡരികിൽനിന്ന് മൊബൈൽ ഫോൺ ലഭിച്ചത്. ഉടൻതന്നെ ഇയാൾ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. ഫോണിലേക്ക് വന്ന കോളിലൂടെ അത് രാമന്തളി സ്വദേശിനിയുടേതാണെന്ന് പൊലീസിന് തിരിച്ചറിയാനായി.

തുടർന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ഉടമയുടെ മകൻ സ്റ്റേഷനിലെത്തി. എന്നാൽ ഫോൺ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്ന് കാണാതായതായി അപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് അന്വേഷിച്ച് അറിയിക്കാമെന്ന് പറഞ്ഞ് ഇയാളെ പൊലീസ് മടക്കിയയച്ചു. ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേഷനിലെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പിലും പങ്കുവച്ചു.

ഫോണിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചപ്പോഴാണ് ലൊക്കേഷൻ ബദിയടുക്ക ടൗണിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീർച്ചാൽ സ്വദേശിയിൽനിന്ന് ഫോൺ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫോൺ ഒരു പൊലീസുകാരനിൽനിന്ന് ലഭിച്ചതാണെന്ന വിവരം പുറത്തുവന്നത്.

സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു മേശവലിപ്പിൽനിന്ന് ഫോൺ എടുത്തതായും സിം കാർഡ് നശിപ്പിച്ചതായും വ്യക്തമായി. ഇതോടെയാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് വകുപ്പുതല നടപടിയും സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img