05:11am 07 November 2026
NEWS
സി.സി.സി: കുളംകലക്കുന്നവർക്ക് മീൻകിട്ടില്ല; ഇവിടെ സമുദായ സൗഹാർദ്ദ വേദിയുണ്ട്
05/08/2025  06:24 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
സി.സി.സി: കുളംകലക്കുന്നവർക്ക് മീൻകിട്ടില്ല; ഇവിടെ സമുദായ സൗഹാർദ്ദ വേദിയുണ്ട്
HIGHLIGHTS

പ്രവാസി ബിസിനസ്സുകാരനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ ഗൾഫാർ ഡോ. പി മുഹമ്മദലിയാണ് സി സി സിയുടെ പ്രസിഡന്റ്. 

കുളംകലക്കി മീൻ പിടിക്കുകയെന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. നമ്മുടെ നാട്ടിൽ പലപ്പോഴും ഇത് നടക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ചെറിയ വിഭാഗങ്ങൾക്കിടയിലും ചിലർ ചേർന്ന് കുളം കലക്കും. അവിടെ പിടികൂടി മുറിച്ചു തിന്നാനുള്ളത് മീനല്ല, മതവും വർഗ്ഗീയതയുമാണ്. 
ചെറിയ പ്രശ്‌നങ്ങളെ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നങ്ങളിലേക്കെത്തിക്കുന്ന എത്രയോ സംഭവങ്ങൾ ഇന്ത്യയുടെ സമീപകാല ചരിത്രങ്ങളിലുണ്ട്. ഓരോ സംഭവത്തിലും ഉദ്ദേശിക്കാത്ത അർഥങ്ങൾ കൽപ്പിച്ചു നൽകി പുതിയ മാനങ്ങളുണ്ടാക്കുകയും തത്പരകക്ഷികൾ തങ്ങൾക്ക് 'കുളം കലക്കി മീൻ പിടിക്കാനുള്ള' സാഹചര്യം ഒരുക്കി മുതലെടുക്കുകയാണ് പതിവ്. 

സമൂഹത്തെ ഭിന്നിപ്പിക്കുമ്പോൾ അരുതേ എന്നു പറഞ്ഞ് രംഗത്തെത്താൻ നമുക്കിടയിൽ ആയിരങ്ങളുള്ളതുകൊണ്ടാണ് പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്താത്തത്. സമൂഹം ആദരിക്കുന്ന ചിലർ പ്രശ്‌നങ്ങൾക്കിടയിലെത്തി അവ തടയാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നു. 

എന്നാൽ കേരളത്തിൽ എവിടെയെങ്കിലും മതങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നുണ്ടെന്ന് സംശയിക്കുമ്പോൾ തന്നെ അത് മാധ്യമങ്ങളിലേക്കു പോലും എത്തുന്നതിന് മുമ്പ് പരിഹാര ശ്രമങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങുന്ന ഒരു വിഭാഗമുണ്ട്. അവർ മാധ്യമ ശ്രദ്ധയോ ക്രെഡിറ്റോ അവകാശപ്പെടാത്തതുകൊണ്ട് പൊതുസമൂഹം അത്രയൊന്നും അറിയാറില്ലെന്ന് മാത്രം. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ എന്നാണതിന്റെ പേര്. സമുദായ സൗഹാർദ്ദ സമിതി എന്നു മലയാളത്തിൽ വിളിക്കാവുന്ന ഈ കൂട്ടായ്മ സി സി സി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്.

'ട്രിപ്പ്ൾ സി'യുടെ പ്രവർത്തനങ്ങൾ

കേരളത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിലെ സാമൂഹിക സാമുദായിക സൗഹാർദ്ദം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും പൊതുനിലപാടുകൾക്ക് വേണ്ടിയും നാട്ടിൽ സമത്വവും സാഹോദര്യവും വളർത്താനും നാടിന്റെ വികസനത്തിൽ സഹകരിച്ച് പ്രവർത്തിക്കുകയെന്ന ഉദ്ദേശത്തോടെ വിഭാഗീയ വർഗ്ഗീയ ഭീകര നിലപാടുകൾക്കെതിരെ നിൽക്കുകയും ചെയ്യുക എന്നതാണ് 'സി സി സി'യുടെ പ്രധാന ലക്ഷ്യങ്ങൾ. സമൂഹത്തിന്റെ സാഹോദര്യത്തിനും സമാധാനത്തിനും ഭംഗം വരാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ സമയോചിതമായി ഇടപെടുകയും രമ്യമായും ന്യായമായും പരിഹരിക്കാൻ ശ്രമിക്കുകയും അതോടൊപ്പം രാജ്യത്തിന്റെ മതേതര ചട്ടക്കൂട് നിലനിർത്തി അതിന് കരുത്ത് പകർന്ന് സമൂഹ നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും ഈ സംഘത്തിന്റെ ഉദ്ദേശമാണ്. 

പ്രവാസി ബിസിനസ്സുകാരനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ ഗൾഫാർ ഡോ. പി മുഹമ്മദലിയാണ് സി സി സിയുടെ പ്രസിഡന്റ്. ആത്മീയാചാര്യന്മാരായ സ്വാമി ശ്രീഹരിപ്രസാദ്, മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്. ബിസിനസ്സുകാരനായ പിഷാരത്ത് രാമചന്ദ്രൻ എന്ന എൻ എസ് എസ് വേണുവാണ് ജനറൽ സെക്രട്ടറി. മുൻ വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാറും ചാർട്ടേഡ് അക്കൗണ്ടന്റായ സി എച്ച് അബ്ദുൽ റഹീമും സെക്രട്ടറിമാരാണ്. പുരോഹിതനായ ഡോ. ഫാ. ബാബു സെബാസ്റ്റ്യൻ വടക്കേക്കരയാണ് സി സി സിയുടെ ട്രഷറർ. ഈ ഭാരവാഹിപ്പട്ടിക തന്നെയാണ് ഈ സംഘം എന്താണ് ലക്ഷ്യമിടുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉത്തരം. 

സി സി സിയുടെ രക്ഷാധികാര സമിതി അംഗങ്ങളാകട്ടെ ഒരു കാര്യം പറഞ്ഞാൽ സമൂഹം അത് ഏറ്റെടുക്കുന്നവരാണ്. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, കർദ്ദിനാൾ മാർ ജോർജ്ജ് അലഞ്ചേരി, കർദ്ദിനാൾ മാർ ബസേലിയേസ് ക്ലീമിസ്, സ്വാമി സച്ചിദാനന്ദ, കണ്ഠരര് രാജീവര്, തന്ത്രി ബ്രഹ്മശ്രീ ഡോ. പി. സി. ദിനേശൻ നമ്പൂതിരിപ്പാട്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, എം ഐ അബ്ദുൽ അസീസ്, ബസോലിയോസ് മാർത്തോമ മാത്യൂസ് മൂന്നാമൻ, മാർ ബസേലിയസ് തോമസ് ഒന്നാമൻ, ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, ടി പി അബ്ദുല്ലക്കോയ മദനി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സ്വാമി ശ്രീഹരി പ്രസാദ്. ഡോ. പി മുഹമ്മദലി ഗൾഫാർ, സി പി ഉമർ സുല്ലമി, പി എൻ അബ്ദുൽ ലത്തീഫ് മദനി എന്നിവരാണ് രക്ഷാധികാര സമിതി അംഗങ്ങൾ. അറുപതിൽ കവിയാത്ത അംഗങ്ങളാണ് പൊതുസമിതിയിലുണ്ടാവുക. 

എങ്ങനെ തുടങ്ങി ഈ സംഘം ?

മതങ്ങളും മതവിശ്വാസികളും തമ്മിൽ ഛിദ്രതയുണ്ടാവുന്നത് സമൂഹത്തിന് ഗുണകരമാവില്ലെന്ന ചിന്തയിൽ നിന്നാണ് പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗൾഫാർ പി മുഹമ്മദലി ഇത്തരമൊരു കൂട്ടായ്മയ്ക്ക് മുന്നിട്ടിറങ്ങിയത്; കൂടെ ചാർട്ടേർഡ് അക്കൗണ്ടന്റായ സി.എച്ച്. അബ്ദുൽ റഹീമുമുണ്ടായിരുന്നു. ആദ്യം പാണക്കാട് തങ്ങളുമായാണ് ഇക്കാര്യം സംസാരിച്ചത്. അദ്ദേഹം സന്തോഷത്തോടെ ആശയത്തെ സ്വാഗതം ചെയ്യുകയും മറ്റു മതമേലധ്യക്ഷന്മാരെ കണ്ട് ചർച്ചകൾ നടത്താൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ജോർജ് ആലഞ്ചേരി പിതാവിനേയും ശിവഗിരിയിൽ സച്ചിദാനന്ദ സ്വാമികളേയും ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയേയും ഗുരുവായൂരിലും ചങ്ങനാശ്ശേരിയിലും ദേവലോകത്തും പാലായിലും തലശ്ശേരിയിലും ഉൾപ്പെടെ വിവിധ മതനേതാക്കളെ നേരിൽ സന്ദർശിച്ച് ആശയം അറിയിച്ചത്. എല്ലാ മതാധ്യക്ഷൻമാരും പുരോഹിതന്മാരും ആശയത്തെ ഹൃദ്യമായി സ്വീകരിക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. അതോടെ ഇത്തരമൊരു കൂട്ടായ്മയ്ക്ക് പ്രവർത്തിക്കാനുള്ള കരുത്ത് കിട്ടുകയായിരുന്നു. മതവുമായി ബന്ധപ്പെട്ടവർ മാത്രമല്ല സമൂഹം ആദരവോട് കാണുന്ന മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
2023 ജൂലായ് ഒന്നിനാണ് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ- ഓപ്പറേഷൻ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും അതിനും രണ്ടുവർഷം മുമ്പേ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. 

എത്ര പ്രശ്‌നങ്ങൾ പരിഹരിച്ചു ?

ഇങ്ങനെയൊരു ചോദ്യം സി സി സി ഇഷ്ടപ്പെടുന്നില്ല. കാരണം കണക്കുകൾ എഴുതിവെച്ച് സമൂഹത്തിൽ ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഉറക്കെ വിളിച്ചു പറയാൻ അവർ ആഗ്രഹിക്കുന്നില്ല. എങ്കിലും സമീപകാലത്ത് കേരളത്തിൽ വലിയ കുഴപ്പങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടായിരുന്ന മൂവാറ്റുപുഴ നിർമല കോളജിലും മുനമ്പത്തും കാസർഗോട് ബൈബിൾ കത്തിച്ച സംഭവത്തിലുമെല്ലാം കൗൺസിൽ ഫോർ കമ്യൂണിറ്റി കോ-ഓപ്പറേഷൻ ഇടപെട്ട് പ്രശ്‌നപരിഹാര ത്തിലേക്കെത്തിച്ചത് പൊതുസമൂഹം അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അവരുടെ പരിശ്രമമായിരുന്നു കാര്യങ്ങളെ രമ്യതയിലേക്കെത്തിക്കാൻ സഹായിച്ചത്. 

മുനമ്പം പോലെ മതത്തിന്റെ പേരിൽ കേരളം കത്താനും കത്തിക്കാനും സാധ്യതയുണ്ടായിരുന്ന ഒരു വിഷയത്തിൽ മുസ്‌ലിം നേതാക്കളെ മുനമ്പത്ത് എത്തിക്കാനും സമരക്കാരുമായി ചർച്ച നടത്താനും പിന്നണി പ്രവർത്തനങ്ങൾ നടത്തിയതിൽ സി സി സിക്ക് വലിയ പങ്കുണ്ടായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ നിരവധി ചർച്ചകൾ അണിയറയിൽ നടത്താനും സാധിച്ചു. മതപരമായും രാഷ്ട്രീയപരമായും മുതലെടുപ്പ് നടത്തുമായിരുന്ന വിഷയത്തിലാണ് സി സി സി ജാഗ്രതയോടെ ഇടപെടൽ നടത്തിയത്. 

ഇതുപോലുള്ള നിരവധി വിഷയങ്ങളിൽ സി സി സി ഭാഗമായി പ്രശ്‌നങ്ങളും സങ്കീർണതകളും കുറച്ചിട്ടുണ്ടെങ്കിലും തങ്ങൾക്ക് ഇടപെടാനുള്ള അവസരം കേരളീയ സമൂഹത്തിൽ ഉണ്ടാകരുതേ എന്നാണ് ഈ സംഘം പ്രാർഥിക്കാറുള്ളത്. തങ്ങൾക്ക് പ്രവർത്തിക്കാനില്ലാതിരിക്കുന്ന ഒരു കേരളമാണ് കൗൺസിൽ ഫോർ കൗൺസിൽ കമ്യൂണിറ്റി കോ-ഓപ്പറേഷൻ സ്വപ്‌നം കാണുന്നത്. 

2023-ജൂലായ് ഒന്നിന് ദലൈലാമയുടെ സന്ദേശത്തോടെയായിരുന്നു സി സി സിക്ക് തുടക്കം കുറിച്ചത്. ഓരോ മതവും മതവിശ്വാസിയും തങ്ങളുടെ മതവും ആചാരങ്ങളും ആരാധനകളും നിർവഹിക്കുകയും ഇതര മതക്കാരനെതിരെ തിരിയാതിരിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ് സി സി സി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മുതിർന്ന തലമുറകളെയല്ല യുവത്വത്തിലും കൗമാരത്തിലുമുള്ളവരെയും വിദ്യാർഥികളെയുമാണ് തങ്ങളുടെ ആശയം വ്യാപിപ്പിക്കാൻ സി സി സി കൂടെ നിർത്തുന്നത്. പുതിയ തലമുറയിൽ നല്ല സന്ദേശങ്ങൾ എത്തിച്ചാൽ നാളെ പുതിയ നല്ല സമൂഹമുണ്ടാകുമെന്ന് സി സി സിയ്ക്ക് അറിയാം. വിദ്യാർഥികൾക്കായി പ്രസംഗ മത്സരം, അവബോധം സൃഷ്ടിക്കാനുള്ള ക്ലാസുകൾ, സമൂഹത്തിലെ പ്രഗത്ഭരുമായി മുഖാമുഖം നടത്താനുള്ള സൗകര്യം തുടങ്ങിയവ സി സി സിയുടെ മറ്റു പരിപാടികളാണ്. 

കേരളത്തിലെ സൗഹാർദ്ദാന്തരീക്ഷവും കേരള മോഡലും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ഇന്ത്യയിലാകമാനം തങ്ങളുടെ സന്ദേശം എത്തിക്കാൻ സി സി സി തയ്യാറെടുക്കുന്നുണ്ട്. നിലവിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സി സി സി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനങ്ങൾക്കുള്ള നടപടികളും സ്വീകരിക്കുന്നു. അതിനായി തൃശൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്തും കണ്ണൂർ ജില്ലയിൽ തലശ്ശേരി കേന്ദ്രമായും പ്രവർത്തനങ്ങൾക്കുള്ള ഒരുക്കത്തിലാണ്. 

കേരളത്തിൽ പൊതുവെ സൗഹാർദ്ദ അന്തരീക്ഷമാണെങ്കിലും  ന്യൂനപക്ഷമായ ചിലരാണ് പ്രശ്‌നങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സി സി സി തിരിച്ചറിഞ്ഞിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷം 'സയലന്റ്' ആകുമ്പോൾ സംഘർഷം ആഗ്രഹിക്കുന്ന വളരെ ചുരുക്കം ചിലർ 'വയലന്റ്' ആകുന്നുവെന്നതാണ് പ്രതിസന്ധികൾ ഉയർത്തിക്കാട്ടുന്നത്. സമൂഹത്തിന്റെ മിടിപ്പുകൾ അറിഞ്ഞ് പ്രവർത്തിക്കുകയെന്നിടത്താണ് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ-ഓപ്പറേഷന്റെ വിജയം. 

കാലവും സമൂഹവും കുടുംബ വ്യവസ്ഥിതിയുമൊക്കെ മാറുന്ന കാലത്ത് ചെറിയ കോട്ടങ്ങൾ പോലും വലുതായി ചിത്രീകരിക്കപ്പെട്ടേക്കും. വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടുമ്പോഴാണ് ബഹുമത സമൂഹം ആരോഗ്യത്തോടെ നിലനിൽക്കുന്നതെന്ന് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ-ഓപ്പറേഷൻ തിരിച്ചറിയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img