
സമുദായ സൗഹാർദ സമിതിയുടെ (സി.സി.സി.) രണ്ടാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. പി. ഗൾഫാർ മുഹമ്മദ് അലി സംസാരിക്കുന്നു. ട്രഷറർ ഫാ.ഡോ. ആന്റണി വടക്കേകര വി.സി., ജനറൽ സെക്രട്ടറി ശ്രീ. പി. രാമചന്ദ്രൻ (വേണു) എന്നിവർ സമീപം.
കൊച്ചി: മതസ്പർദ്ധയ്ക്കും ഭീകരതയ്ക്കുമെതിരെ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി കേരളത്തിൽ പിറവിയെടുത്ത കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന് (സി.സി.സി) രണ്ടു വയസ്സ്. 2023 ജൂലൈ ഒന്നിന് ടിബറ്റൻ ആത്മീയ നേതാവ് സർവ്വശ്രീ ദലൈലാമയുടെ ഉദ്ഘാടന സന്ദേശത്തോടെ തിരിതെളിഞ്ഞ സമുദായ സൗഹാർദ സംഘടന ഉദ്ദേശ ലക്ഷ്യങ്ങളുമായി യാത്ര തുടരുന്നു. രണ്ടാം വാർഷീക ആഘോഷം 2025 ജൂലൈ 19-ന് വൈകുന്നേരം 4.00 മണിക്ക് എറണാകുളം ടി.ഡി.എം. ഹാളിൽ നടക്കുന്നു. “സമാധാനവും ഐക്യവും ദേശീയ വികസനവും” എന്ന വിഷയത്തിൽ യു.എൻ. അണ്ടർ സെക്രട്ടറിയായിരുന്ന ശ്രീ. ശശി തരൂർ എം.പി. പ്രഭാഷണം നടത്തുകയും ഹയർ സെക്കന്ററി വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്യുന്നു.
മതവിധ്വേഷം പടർത്തുന്ന തരത്തിൽ ചിലയിടങ്ങളിലുണ്ടായ വിധ്വംസക പ്രവർത്തനങ്ങളിൽ മതേതര കേരളത്തിന്റെ കാവലാളായി ഇടപെടാൻ സി.സി.സി.യ്ക്ക് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ‘മഹാത്മ ഗാന്ധിയും മാനവിക ദർശനവും’ എന്ന വിഷയത്തെ ആസ്പദമാക്കി കോളേജ് വിദ്യാർഥികൾക്കായ് പ്രസംഗമത്സരം സംഘടിപ്പിക്കുകയും ക്യാഷ് അവാർഡുകൾ നൽകുകയും ചെയ്തു. തൃശൂർ, തിരുവനന്തപുരം ഡിസ്ട്രിക്ട് ചാപ്ടറുകൾ ആരംഭിക്കുകയും, മറ്റു ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. മത മേലധ്യക്ഷന്മാരുമായും സാമുദായിക നേതാക്കന്മാരുമായും സാംസ്കാരിക നായകന്മാരുമായും പൗര പ്രമുഖരുമായും കൂടിയാലോചനകൾ നടത്തി കേരളീയ പൊതുമണ്ഡലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സി.സി.സി.യ്ക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്.
മത-സാമുദായിക-സാംസ്കാരിക നേതാക്കന്മാരും പൗരപ്രമുഖരും വിദ്യാർഥി പ്രതിനിധികളും പങ്കെടുക്കുന്ന രണ്ടാം വാർഷിക ആഘോഷങ്ങളിലേക്ക് നാടിന്റെ നന്മയും സമാധാനപൂർവ്വമായ സഹവർത്തിത്വവും ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി സി.സി.സി. പ്രഡിഡന്റ് ഡോ. പി. ഗൾഫാർ മുഹമ്മദ് അലി, സെക്രട്ടറി ശ്രീ. പി. രാമചന്ദ്രൻ (വേണു), ട്രഷറർ ഫാ.ഡോ. ആന്റണി വടക്കേകര വി.സി. എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Photo Courtesy - Google










