
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി സിബിഎസ്ഇ അറിയിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സമയം ഇന്നുമുതൽ ജൂൺ 6 വരെ നീട്ടിയതായും ബോർഡ് വ്യക്തമാക്കി. പോർട്ടലിലെ തകരാർ കാരണം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനിടെ, നീറ്റ്, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തിയിരുന്നു. സിബിഎസ്ഇയുടെ സംവിധാനങ്ങളിൽ ഗുരുതര സുരക്ഷാ പാളിച്ചകൾ ഉണ്ടായതായി ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ട ഡാറ്റ ചോർച്ചയാണ് ഏറ്റവും പുതിയ വിവാദത്തിന് വഴിവെച്ചത്. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിലായിരുന്നുവെന്ന് എത്തിക്കൽ ഹാക്കർമാരും സൈബർ സുരക്ഷാ പ്രവർത്തകരും ആരോപിച്ചു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പുനർമൂല്യനിർണയ അപേക്ഷകൾ ജൂൺ 1 മുതൽ സ്വീകരിക്കുമെന്ന് നേരത്തെ സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പോർട്ടൽ പൂർണമായി പ്രവർത്തിക്കാതിരുന്നതോടെ അപേക്ഷാ നടപടികൾ തടസ്സപ്പെട്ടു. പ്രശ്നപരിഹാരത്തിനായി സൈബർ സുരക്ഷാ വിദഗ്ധർ, സർക്കാർ ഏജൻസികൾ, ഐഐടി വിദഗ്ധർ എന്നിവരുടെ സഹായം തേടിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ പോർട്ടൽ സാധാരണ നിലയിലായതിനാൽ വിദ്യാർഥികൾക്ക് തടസ്സമില്ലാതെ അപേക്ഷ നൽകാനാകുമെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം.










