
"ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് " ജനകീയ ക്യാമ്പയിന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരളയുടെ പിന്തുണ അറിയിച്ച് പ്രവർത്തന രൂപരേഖ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാരാജൻ കൈമാറുന്നു. പെരുമ്പാവൂർ എം.എൽ.എ ശ്രീ. മനോജ് മൂത്തേടൻ സമീപം.
കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാൻ സർക്കാർ ആരംഭിച്ച "ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട് " ജനകീയ ക്യാമ്പയിന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരള (സി.സി.എസ്.കെ) പൂർണപിന്തുണ പ്രഖ്യാപിച്ചു. സ്കൂൾ തലങ്ങളിൽ "ഓപ്പറേഷൻ തൂഫാൻ സ്റ്റുഡന്റ് അംബാസഡർമാരെ" നിയോഗിക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു.
ഓപ്പറേഷൻ തൂഫാനിൽ സി.ബി.എസ്.ഇ സ്കൂളുകളിൽ നടപ്പാക്കുന്ന പരിപാടികളുടെ പ്രവർത്തനരൂപരേഖയും ഐക്യദാർഢ്യ പ്രഖ്യാപനവും ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് (എൻ.സി.സി.എസ്) സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ സമർപ്പിച്ചു.
വിദ്യാർത്ഥികൾക്കിടയിലും വർധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹം നേരിടുന്ന ഗുരുതര വെല്ലുവിളിയാണ്. വിദ്യാലയങ്ങളിൽ ബോധവത്കരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, രക്ഷാകർതൃ പങ്കാളിത്തം, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെയേ സാമൂഹിക വിപത്തായ ലഹരിവസ്തുക്കളെ ഫലപ്രദമായി നേരിടാനാകൂവെന്ന് മന്ത്രി ശ്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാർത്ഥികളിൽ വലിയ ബോധവൽക്കരണവും പെരുമാറ്റമാറ്റവും സൃഷ്ടിക്കാൻ കഴിയുന്ന മാതൃകാ പദ്ധതിയാണ് "ഓപ്പറേഷൻ തൂഫാൻ."
പദ്ധതിയുടെ ഭാഗമായി പൊലീസ്, എക്സൈസ്, ആരോഗ്യം, മന:ശാസ്ത്രം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സ്കൂൾ അംബാസഡർമാർക്ക് പരിശീലനം നൽകും. പരിശീലനം ലഭിച്ച വിദ്യാർത്ഥി അംബാസഡർമാർ വിദ്യാലയങ്ങളിലും ജില്ലാതല പരിപാടികളിലും സഹപാഠികൾക്ക് ബോധവത്കരണ ക്ലാസുകൾ നയിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി സ്കൂൾ തലങ്ങളിലും ജില്ലാ തലങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ, ജില്ല-സംസ്ഥാനതല അംബാസഡർ സംഗമങ്ങൾ, ലഹരിവിരുദ്ധ പ്രതിജ്ഞാ പരിപാടികൾ, കൗൺസിലിംഗ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. സി.ബി.എസ്.ഇ. വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിൽ കൗൺലിന്റെ നേതൃത്വത്തിൽ 'ലഹരിവിരുദ്ധ പ്രതിജ്ഞ' പതിച്ച ബോർഡുകൾ സ്ഥാപിച്ച് ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്തും.
"ലഹരിയില്ലാത്ത വിദ്യാലയങ്ങൾ – ലഹരിയില്ലാത്ത കേരളം" എന്ന ലക്ഷ്യം കൈവരിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം. പ്രാഥമിക ക്ലാസുകൾ മുതൽ ലഹരിവിരുദ്ധ ബോധവത്കരണവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.
ചടങ്ങിൽ ശ്രീ. ബെന്നി ബഹനാൻ എം.പി., ശ്രീ. മനോജ് മൂത്തേടൻ എം.എൽ.എ., ശ്രീ. വി. പി. സജീന്ദ്രൻ എം.എൽ.എ., ഡി.ജി.പി. രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ്., ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ ശ്രീ. പുട്ട വിമലാദിത്യ ഐ.പി.എസ്. എന്നിവരോടൊപ്പം സിസിഎസ്കെ പ്രസിഡന്റ് , ശ്രീ ഇ രാമൻകുട്ടി വാര്യർ , ജനറൽ സെക്രട്ടറി ശ്രീമതി സുചിത്ര ഷൈജിന്ത് എന്നിവരും പങ്കെടുത്തു.
Photo Courtesy - Google










