10:08am 25 May 2026
NEWS
തുടർക്കഥയായി സി.ബി.എസ്.ഇ പോർട്ടൽ തകരാർ; ഉത്തരക്കടലാസ് പകർപ്പ് കിട്ടാതെ വിദ്യാർത്ഥികൾ വലയുന്നു
25/05/2026  08:06 AM IST
സുരേഷ് വണ്ടന്നൂർ
തുടർക്കഥയായി സി.ബി.എസ്.ഇ പോർട്ടൽ തകരാർ; ഉത്തരക്കടലാസ് പകർപ്പ് കിട്ടാതെ വിദ്യാർത്ഥികൾ വലയുന്നു

ന്യൂഡൽഹി: സി.ബി.എസ്.ഇ പോർട്ടലിന്റെ സാങ്കേതിക തകരാർ കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രി വരെ നീട്ടി. എന്നാൽ, ദിവസങ്ങൾക്ക് മുൻപ് തന്നെ അപേക്ഷ സമർപ്പിച്ച പല വിദ്യാർത്ഥികൾക്കും ഇന്നലെയും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭ്യമായിട്ടില്ല. ഇന്നലെ പോർട്ടലിന്റെ പ്രവർത്തനം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തിയാക്കാൻ സാധിച്ചില്ല.
​ഉത്തരക്കടലാസിന്റെ പകർപ്പ് വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് (Revaluation) അപേക്ഷിക്കാൻ സാധിക്കൂ. എന്നാൽ നിലവിലെ പ്രതിസന്ധി കാരണം പുനർമൂല്യനിർണയത്തിനുള്ള പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
​മദ്രാസ് ഐ.ഐ.ടിയുടെ സഹായം തേടി കേന്ദ്രം
​പോർട്ടലിലെ ലോഗിൻ തടസ്സങ്ങളും പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വെബ്‌സൈറ്റിലെ തകരാറുകൾ പൂർണ്ണമായി പരിഹരിക്കാൻ എത്ര ദിവസമെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
​ഓൺലൈൻ മൂല്യനിർണയത്തിൽ വലിയ പിഴവുകൾ സംഭവിച്ചെന്ന വാർത്ത പരന്നതോടെ ഉത്തരക്കടലാസ് പകർപ്പിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ വെബ്‌സൈറ്റിലേക്ക് എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം. മേയ് 19-ന് പോർട്ടൽ ആരംഭിച്ചത് മുതൽ തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുകയാണ്. ഇത് മൂന്നാം തവണയാണ് അപേക്ഷിക്കാനുള്ള തീയതി സി.ബി.എസ്.ഇ നീട്ടി നൽകുന്നത്.
​മൂല്യനിർണയത്തിലെ പാളിച്ച
മൂല്യനിർണയം വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലൂടെ പരിശോധിക്കുന്ന 'ഓൺസ്‌ക്രീൻ മാർക്കിംഗ്' സംവിധാനമാണ് ഇത്തവണ ഏർപ്പെടുത്തിയത്. എന്നാൽ ഈ സംവിധാനത്തിലെ പിഴവുകൾ കാരണം മിടുക്കരായ പല വിദ്യാർത്ഥികൾക്കും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോർട്ടൽ തകരാറും പ്രതിസന്ധി സൃഷ്ടിക്കുന്നത്.
​വൻതുക ഈടാക്കി; തുക മടക്കി നൽകുമെന്ന് സി.ബി.എസ്.ഇ
​പോർട്ടലിലെ തകരാർ മൂലം ഒരു വിഷയത്തിന് 100 രൂപയ്ക്ക് പകരം 8,000 രൂപ മുതൽ 69,420 രൂപ വരെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇങ്ങനെ നഷ്ടപ്പെട്ട അധിക തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.
​പണമിടപാട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ധനകാര്യമന്ത്രി നിർമ്മലാ സീതാരാമനുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് ബാങ്കുകളുടെ അടിയന്തര ഇടപെടൽ.
​ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
​പോർട്ടൽ തകരാറിലായ സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സി.ബി.എസ്.ഇയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img