
ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷകൾ വീണ്ടും നടത്താൻ തീരുമാനം. ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഇതിന് അവസരം ലഭിക്കുക.
2026 മാർച്ച് മാസത്തിൽ മേഖലയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയും, തുടർന്ന് പ്രത്യേക മൂല്യനിർണയ രീതിയിലൂടെ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ റദ്ദാക്കിയ വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ ബോർഡ് വിദ്യാർത്ഥികൾക്ക് അവസരം നൽകുകയാണ്.
20 അക്കാദമിക് വിഷയങ്ങളും 20 തൊഴിൽ അധിഷ്ഠിത വിഷയങ്ങളും ഉൾപ്പെടെ ആകെ 40 വിഷയ ങ്ങളിലാണ് പരീക്ഷ നടക്കുക. വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പരീക്ഷ എഴുതാവുന്നതാണ്. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് ലഭിക്കുന്ന മാർക്കായിരിക്കും അന്തിമമായി പരിഗണിക്കുക.
പരീക്ഷയ്ക്ക് പ്രത്യേകം ഫീസ് ഈടാക്കില്ല. പരീക്ഷാ തീയതിയും സമയക്രമവും സി.ബി.എസ്.ഇ പിന്നീട് പ്രഖ്യാപിക്കും.










