02:33am 13 November 2026
NEWS
ഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ
15/03/2026  01:00 PM IST
nila
ഗൾഫിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിൽ

 


​ദോഹ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന അസാധാരണമായ യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതിന് പിന്നാലെയാണ് നിർണ്ണായകമായ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും വേണ്ടെന്നു വെക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചത്.ഈ മാസം (മാർച്ച്) 16 മുതൽ ഏപ്രിൽ 10 വരെ നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും, നേരത്തെ മാറ്റിവെച്ച പരീക്ഷകളുമാണ് റദ്ദാക്കിയത്.ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഇറാനിലെ പരീക്ഷാ കേന്ദ്രങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
പരീക്ഷാഫലം സംബന്ധിച്ച ഔദ്യോഗിക തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. എങ്കിലും, സ്കൂളുകളിൽ നേരത്തെ നടന്ന മോഡൽ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെന്റുകളുടെയും അടിസ്ഥാനത്തിലാകും ഗ്രേഡുകൾ നിശ്ചയിക്കുക എന്നാണ് സൂചന.ഉപരിപഠനത്തിന് ഏറ്റവും പ്രധാനപ്പെട്ട പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അവസാന നിമിഷം റദ്ദാക്കിയത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ തീരുമാനം തിരിച്ചടിയാകുമോ എന്ന ഭീതി നിലനിൽക്കുന്നു.കുവൈത്തിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണവും മേഖലയിലെ മറ്റ് സംഘർഷങ്ങളും കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകുന്നുണ്ടെങ്കിലും, മുൻകരുതൽ എന്ന നിലയിലാണ് പരീക്ഷകൾ റദ്ദാക്കാൻ ബോർഡ് തീരുമാനിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img