
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ പ്രതികൾക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് സിബിഐ. അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസിൽ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ചെന്നിത്തലയ്ക്കെതിരായ തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ടൈറ്റാനിയം ഫാക്ടറിയിലേക്ക് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി വിദേശ കമ്പനിയായ മെക്കോണിൽനിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ 68 കോടി രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു കേസ്. 2006ൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാരാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസിന് കൈമാറിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയത്തിലെ ജീവനക്കാർ എന്നിവരടക്കം ആറുപേരായിരുന്നു കേസിലെ പ്രതികൾ.
അന്നത്തെ കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെയും കേസിൽ പ്രതി ചേർത്തത്. എന്നാൽ, വിവാദമായ ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ട സമയത്ത് താൻ കെപിസിസി അധ്യക്ഷനായിരുന്നില്ലെന്ന് ചെന്നിത്തല നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ ജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013ലാണ് ഹൈക്കോടതി കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന നിലപാടുമായി സിബിഐ കോടതിയെ സമീപിച്ചത്.










