
ക്രിസ്ത്യൻ വിഭാഗം രാജ്യ നിർമ്മാണത്തിൽ നടത്തിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ്. ഖർവാപസിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ വിമർശനം. ക്രിസ്ത്യൻ വിഭാഗത്തെ രാജ്യവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ ഇതുമായി ബന്ധപ്പെടുത്താനില്ലെന്നും സിബിസിഐ വക്താവ് വ്യക്തമാക്കി.
ക്രിസ്ത്യൻ വിഭാഗത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്തെത്തി പുകഴ്ത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ് മേധാവിയുടെ പ്രസ്താവന സംബന്ധിച്ച് തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന സഭാ നേതാക്കളുമായടക്കം ചർച്ചകൾ നടത്തുകയാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കണമെന്നും സിബിസിഐ വക്താവ് ആവശ്യപ്പെട്ടു.











