02:12am 21 November 2026
NEWS
കാവേരി ജലത്തർക്കം: തമിഴ്‌നാടിന്റെ അധികജല ആവശ്യം സുപ്രീംകോടതി തള്ളി.
20/11/2026  01:09 PM IST
കേരളശബ്ദം ലേഖകൻ
കാവേരി ജലത്തർക്കം: തമിഴ്‌നാടിന്റെ അധികജല ആവശ്യം സുപ്രീംകോടതി തള്ളി.


കർണാടകയിൽനിന്ന് കൂടുതൽ കാവേരി ജലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. 11 ടിഎംസി അധികജലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ രണ്ട് അപേക്ഷകളാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച തള്ളിയത്.
കാവേരി നദിയിലെ നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ കർണാടക കൂടുതൽ വെള്ളം വിട്ടുനൽകണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. ബിലിഗുണ്ടുലുവിലെ അന്തർസംസ്ഥാന അളവുകേന്ദ്രത്തിൽ ഒക്ടോബർ ആറുവരെ 11.719 ടിഎംസി ജലത്തിന്റെ കുറവുണ്ടായതായി തമിഴ്‌നാട് ചൂണ്ടിക്കാട്ടി.
കർണാടകയിലെ നാല് പ്രധാന കാവേരി നദീതട അണക്കെട്ടുകളിലായി ഓഗസ്റ്റ് മൂന്നിന് 77.537 ടിഎംസി വെള്ളം സംഭരിച്ചിട്ടുണ്ടായിരുന്നിട്ടും തങ്ങളുടെ വിഹിതം വിട്ടുനൽകാൻ കർണാടക തയ്യാറായില്ലെന്നായിരുന്നു തമിഴ്‌നാടിന്റെ ആരോപണം. ജലവിഹിത ക്രമീകരണം അനുസരിച്ച് ഒക്ടോബർ വരെ 64 ടിഎംസി വെള്ളത്തിന് അർഹതയുണ്ടായിരുന്നെങ്കിലും 14 ടിഎംസി മാത്രമാണ് ലഭിച്ചതെന്നും തമിഴ്‌നാട് വാദിച്ചു.
നവംബർ ആറിന് ചേർന്ന കാവേരി ജല നിയന്ത്രണ സമിതി യോഗം നവംബർ ഏഴ് മുതൽ 15 ദിവസത്തേക്ക് ബിലിഗുണ്ടുലുവിൽ സെക്കൻഡിൽ 3,000 ഘനയടി വെള്ളത്തിന്റെ നീരൊഴുക്ക് ഉറപ്പാക്കാൻ കർണാടകയോട് നിർദേശിച്ചിരുന്നു. കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും ഈ നിർദേശം അംഗീകരിച്ചു. എന്നാൽ, ഈ അളവ് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്.
2007-ലെ കാവേരി ജല തർക്ക ട്രൈബ്യൂണൽ വിധിയും 2018-ലെ സുപ്രീം കോടതി ഉത്തരവുമാണ് നിലവിലെ ജലവിഹിത ക്രമീകരണത്തിന്റെ അടിസ്ഥാനം. 2018-ലെ ഉത്തരവുപ്രകാരം കർണാടകയ്ക്ക് 284.75 ടിഎംസിയും തമിഴ്‌നാടിന് 404.25 ടിഎംസിയുമാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തിനും പുതുച്ചേരിക്കും പ്രത്യേക വിഹിതങ്ങളുണ്ട്.
കാവേരി ജലത്തിന്റെ അളവും വിതരണവും സംബന്ധിച്ച് കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് തമിഴ്‌നാടിന്റെ അധികജല ആവശ്യം സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img