
കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടാനുള്ള ഉത്തരവിനെതിരെ കർണാടകയിൽ സമരം കടുക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളും രംഗത്തെത്തി.
കന്നഡ ചലവളി നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ചേർന്ന വിവിധ സംഘടനകളുടെ നിർണായക യോഗത്തിലാണ് ബന്ദ് ആഹ്വാനം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്. ഓഗസ്റ്റ് 13 രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും 12 മണിക്കൂർ ബന്ദ്.
തമിഴ്‌നാട്ടിലേക്ക് ദിനംപ്രതി കാവേരി വെള്ളം തുറന്നുവിടണമെന്ന കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയുടെ (CWRC) പുതിയ നിർദ്ദേശത്തിനെതിരെയാണ് കന്നഡ സംഘടനകളുടെ പ്രതിഷേധം.കർണാടകയിൽ കുടിവെള്ളത്തിന് പോലും ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലേക്ക് വെള്ളം വിട്ടുനൽകാനാകില്ലെന്ന് വാട്ടാൾ നാഗരാജും കന്നഡ രക്ഷണാ വേദി (കെ.ആർ.വി) അധ്യക്ഷൻ പ്രവീൺ ഷെട്ടിയും വ്യക്തമാക്കി.ബന്ദിന് കർഷക സംഘടനകൾ, ദളിത് സംഘടനകൾ, ഓട്ടോ-ടാക്സി യൂണിയനുകൾ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
കെ.ആർ.എസ് (കൃഷ്ണരാജസാഗര) ഡാം ഉപരോധം അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി കർഷകരും ആക്ടിവിസ്റ്റുകളും തെരുവിലിറങ്ങിയിട്ടുണ്ട്.
വിവിധ കക്ഷികളും വ്യാപാര സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഓഗസ്റ്റ് 13-ന് കർണാടകയിലെ ജനജീവിതം സ്തംഭിച്ചേക്കും. വിഷയം കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്താനാണ് സംഘടനകളുടെ നീക്കം.
Photo Courtesy - Google










