
ബംഗളുരു: കർണാടകത്തിൽ ഈ വർഷം മഴലഭ്യത വളരെ കുറവാണ്. അതുകൊണ്ട് കാവേരി നദീതീരഗ്രാമമായ ബിളിഗുണ്ട്ലുവിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. കുടക് ജില്ലയിലെ വീരാജ്പേട്ട താലൂക്കിലെ ബിളിഗുണ്ട്ലുവിലാണ് ഗേജിങ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. മറുപുറത്ത് തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയാണ്. കർണാടകത്തിലെന്ന പോലെ തമിഴ്നാട്ടിലും ജലക്ഷാമമുണ്ട്. ഈ സാഹചര്യത്തിലാണ് കർണാടകം ദിനംപ്രതി 3500 ക്യുസെക് എന്ന കണക്കിൽ കാവേരിജലം ജൂലൈ 29 മുതൽ പതിനഞ്ചു ദിവസത്തേക്ക് തമിഴ്നാടിന് നൽകണമെന്ന് സി സി ഡബ്ലൂഎംഎ ( കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി) ഉത്തരവിടുകയും സിഡബ്ലൂആർ സി (കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി) ആ തീരുമാനം പ്രായോഗികമാക്കാനുള്ള നീക്കം ആരംഭിക്കുകയും ചെയ്തത്. രണ്ടും സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പരിഷ്ക്കരിക്കപ്പെട്ട അധികാര കേന്ദ്രങ്ങളാണ്. കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധികൾ അധ്യക്ഷത വഹിക്കുന്ന രണ്ടിലും കാവേരി നദീതട സംസ്ഥാനങ്ങളുടെ പ്രതിനിധികൾ അംഗങ്ങളാണ്. കർണാടകം രൂക്ഷമായ ജലക്ഷാമം നേരിടുന്നതിനിടയിൽ ഉണ്ടായ ഈ തീരുമാനം കർണാടകത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ഇടയാക്കി. കർണാടകയുടെ അപ്പീൽ സിഡബ്ലൂഎംഎ തള്ളിയതാണ് പ്രശ്നം വഷളാക്കിയത്. 2018 ലെ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് പ്രകാരം പ്രതിവർഷം 177.25 ടി എം സി കാവേരിജലമാണ് കർണാടകം തമിഴ്നാടിന് നൽക്കേണ്ടത്. മഴ സമൃദ്ധമായിരുന്നതിനാൽ അതിന്റെ എത്രയോ ഇരട്ടി കാവേരിജലം കഴിഞ്ഞ അഞ്ചുവർഷം തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ജലക്ഷാമമില്ലാതിരുന്നതിനാൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കാവേരി നദീതടങ്ങൾ ശാന്തമായിരുന്നു. അധികജലം തടഞ്ഞുനിർത്താനുള്ള സംവിധാനം കർണാടകത്തിലില്ല.കുടിവെള്ളത്തിനായി കാവേരിയിൽ ചെറിയ അണകെട്ടാൻ 2018 ലെ സുപ്രീം കോടതി വിധി പ്രകാരം കർണാടകയ്ക്ക് നിയമ തടസ്സമില്ല. ആ സാഹചര്യത്തിലാണ് തമിഴ്നാട് അതിർത്തിയായ മേക്കെദാട്ടിൽ അണക്കെട്ട് നിർമിക്കാൻ കർണാടകം നീക്കമാരംഭിച്ചത്. എന്നാൽ തമിഴ്നാട്ടിലെ സ്റ്റാലിൻ ഗവണ്മെന്റ് മേക്കെദാട്ട് പദ്ധതിയെ ശക്തമായെതിർത്തു. ബിജെപിയുടെ ബസവരാജ് ബൊമ്മായ് ആയിരുന്നു കർണാടക മുഖ്യമന്ത്രി. അദ്ദേഹവും തുടർന്നുവന്ന കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മേക്കെദാട്ടിനായി അത്ര വലിയ നീക്കങ്ങളൊന്നും നടത്തിയില്ല. ഇരു സംസ്ഥാനങ്ങളിലും മഴ സുലഭമായിരുന്നതിനാൽ കാവേരി നദീജലം പങ്കിടുന്നതിനെ പറ്റി തർക്കങ്ങളുമുണ്ടായിരുന്നില്ല. ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായതോടെയാണ് മേക്കെദാട്ട് അണക്കെട്ട് പദ്ധതിയിയ്ക്ക് ജീവൻ വെച്ചത്. ഡി കെയുടെ നിയമസഭാമണ്ഡലമായ കനകപുരയുടെ പരിധിയിലാണ് മേക്കെദാട്ട്. അദ്ദേഹത്തിന് ഏറെ താല്പര്യമുള്ള പദ്ധതിയാണിത്. എന്നാൽ മേക്കെദാട്ട് പദ്ധതിയെ നഖശിഖാന്തം എതിർക്കുന്ന നിലപാടാണ് അതിനിടയിൽ തമിഴ്നാട്ടിൽ അധികാരത്തിൽ വന്ന വിജയ് ഗവണ്മെന്റും സ്വീകരിച്ചത്. മേക്കെദാട്ട് പദ്ധതിയ്ക്കെതിരായി തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തു. കാവേരിയിലെ മേക്കെദാട്ടിൽ അണക്കെട്ട് പണിയുന്നതിന് കർണാടകയ്ക്ക് നിയമതടസ്സമില്ലെന്ന് കേന്ദ്ര ജലവിഭവമന്ത്രി കഴിഞ്ഞ ദിവസം ലോകസഭയിൽ വ്യക്തമാക്കിയത് തമിഴ്നാടിനെ പ്രകോപിപ്പിച്ചിരുന്നു. നിലപാട് തിരുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന ആവശ്യം കർണാടകത്തിലെ കാവേരി നദീതട നിവാസികളെ പ്രകോപിതരാക്കിയിട്ടുണ്ട്. പ്രശ്നം നിയമപരമായി നേരിടുമെന്നാണ് മുഖ്യമന്ത്രി ഡി കെ വ്യക്തമാക്കിയത്. വെള്ളം വിട്ടുകൊടുക്കേണ്ടിവന്നാൽ അത് കർണാടകത്തിന്റെ മരണമണിയായിരിക്കുമെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമി മുന്നറിയിപ്പ് നൽകുന്നു. കാവേരി പ്രശ്നം ചർച്ച ചെയ്യാൻ ആഗസ്റ്റ് രണ്ടിന് കർണാടകം സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Photo Courtesy - Google











