02:50am 25 November 2026
NEWS
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണമറിയാൻ ഇനിയും കാത്തിരിക്കണം

16/01/2025  04:15 PM IST
nila
 നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണമറിയാൻ ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം:  നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണമറിയാൻ ഇനിയും കാത്തിരിക്കണമെന്ന സൂചനയാണ് ഫോറൻസിക് സംഘം നൽകുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് സൂചന. അതേസമയം, പോസ്റ്റുമോർട്ടത്തിൽ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ കണ്ടെത്താനായിട്ടില്ല. 

അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഫോറൻസിക് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വന്ന ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി. അവശനിലയിൽ കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. 

അതേസമയം, ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ  സൂക്ഷിക്കും. വൻ വിവാദങ്ങൾക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയിൽ കണ്ടത് ഗോപൻസ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികൾ വ്യക്തമാക്കി. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കൾ മൊഴി നൽകിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയിൽ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികൾ പറയുന്നു. 

പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറക്കൽ. കല്ലറ തുറക്കും മുമ്പ് സബ് കലക്ടർ ഗോപൻ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കല്ലറ തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയ മക്കൾ പക്ഷെ നടപടി തുടങ്ങിയപ്പോൾ പ്രതിഷേധിച്ചില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img